റാന്നിയിലെ കുടിവെള്ള പദ്ധതികൾ; വേഗത്തിലാക്കും, 3.86 കോടി അനുവദിച്ചു
text_fieldsറാന്നി: റാന്നി നിയോജകമണ്ഡലത്തിലെ കുടിവെള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജലവിഭവ മന്ത്രി മോൻസ് ജോസഫിന്റെ ഓഫിസിൽ ചേർന്ന അവലോകന യോഗത്തിൽ പദ്ധതികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിന് നിർണായക തീരുമാനങ്ങൾ. ശബരിമല തീർഥാടനത്തിന് മുന്നോടിയായി അപകടാവസ്ഥയിലുള്ള അപ്പാച്ചിമേട്, നീലിമല ടോപ്പ്, നീലിമല ബോട്ടം എന്നിവിടങ്ങളിലെ വാട്ടർ ടാങ്കുകൾ പുനർനിർമിക്കുന്നതിന് 3.86 കോടി രൂപ മന്ത്രി അനുവദിച്ചു.
ശബരിമല തീർഥാടകർക്ക് ആവശ്യമായ കുടിവെള്ള സംവിധാനങ്ങൾ പോലും അവതാളത്തിലായിരിക്കുകയാണെന്ന് എം.എൽ.എ പഴകുളം മധു യോഗത്തിൽ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് മന്ത്രി അടിയന്തരമായി തുക അനുവദിക്കാൻ ചീഫ് എൻജിനീയർക്ക് നിർദേശം നൽകിയത്. റാന്നി പഴവങ്ങാടി, മല്ലപ്പള്ളി, കോട്ടാങ്ങൽ, പെരുമ്പാറ തുടങ്ങി നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഹൈദരാബാദ് ആസ്ഥാനമായ സ്ട്രെഫ കമ്പനി ഏറ്റെടുത്ത് മുടങ്ങിക്കിടക്കുന്ന എല്ലാ കുടിവെള്ള പദ്ധതികളുടെയും പുരോഗതി ചീഫ് എൻജിനീയറുടെ സാന്നിധ്യത്തിൽ കരാറുകാരനെ വിളിച്ചുവരുത്തി വിശദമായി പരിശോധിക്കാനും മന്ത്രി നിർദേശം നൽകി.
വടശ്ശേരിക്കര, വെച്ചൂച്ചിറ പഞ്ചായത്തുകൾക്ക് മണിയാർ അക്വഡക്ടിൽനിന്ന് ജലം ലഭ്യമാക്കുന്നതിനുള്ള സാധ്യത പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കോട്ടാങ്ങൽ കുന്നാലോണി, പെരുനാട്, അട്ടത്തോട്, മഞ്ഞത്തോട് തുടങ്ങിയ പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. പൈപ്പ് വാങ്ങി നൽകിയിട്ടും സ്ട്രെഫ കമ്പനിയുടെ അനാസ്ഥ മൂലം പ്രവൃത്തി മുന്നോട്ടുപോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ട്രെഫ കമ്പനിയുടെ പ്രവൃത്തി അടിയന്തരമായി പൂർത്തീകരിക്കാൻ ഇടപെടുമെന്ന് മന്ത്രി അറിയിച്ചു.
എഴുമറ്റൂർ കുടിവെള്ള പദ്ധതി: സ്ഥലമെടുപ്പ് തർക്കം പരിഹരിക്കും
എഴുമറ്റൂർ കുടിവെള്ള പദ്ധതിയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കം അടിയന്തരമായി പരിഹരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. നിലവിലെ തർക്കം പരിഹരിക്കാൻ കഴിയാത്ത പക്ഷം ഏഴുമറ്റൂർ ഗ്രാമപഞ്ചായത്ത് നിർദേശിക്കുന്ന കുറഞ്ഞ ചെലവിൽ കൂടുതൽ പ്രയോജനപ്രദമായ സ്ഥലം ഏറ്റെടുക്കണമെന്ന നിർദേശവും മന്ത്രി അംഗീകരിച്ചു. ഇതുസംബന്ധിച്ച് ഉടൻ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നിലവിലുള്ള സ്ഥലത്തിന് പകരം ഏകദേശം 2.5 കോടി രൂപ ചെലവിൽ അതിനേക്കാൾ അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകാൻ തയാറാണെന്ന് കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രൻ നായരും എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽ പൈക്കരയും അറിയിച്ചു.
പെരുന്തേനരുവി ഡാമിലെ മണൽ നീക്കം ചെയ്യും
വെച്ചൂച്ചിറയിലും കൊല്ലമുളയിലും നിലവിലുള്ള കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി പെരുന്തേനരുവി ഡാമിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നൽകി. കുടിവെള്ള പദ്ധതികളുടെ പുരോഗതി സെപ്റ്റംബർ അവസാനത്തോടെ വീണ്ടും അവലോകനം ചെയ്യാനും തീരുമാനിച്ചു.
റാന്നിയിലെയും ശബരിമലയിലെയും കുടിവെള്ളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി പമ്പയിൽ പ്രത്യേക യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. അവലോകന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ തൊട്ടപ്പുഴശ്ശേരി രാമചന്ദ്രൻ നായർ, സോണിയ മനോജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ ശ്രീദേവി, അനിൽ പൈക്കര, അജീന നജീബ്, സുരേഷ് കുഴിവേലി, സുരേഷ് അങ്ങാടി, ശശികല രാജശേഖരൻ, ഉഷ കേശവൻ, ഗിരിജ മധു, സുനിൽകുമാർ, പ്രമോദ് മന്ദമരുതി, രമാദേവി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

