മഠത്തുംചാൽ-മുക്കൂട്ടുതറ റോഡ് നിർമാണം ഇന്ന്തുടങ്ങും
text_fieldsറാന്നി: മഠത്തുംചാൽ-മുക്കൂട്ടുതറ റോഡിന്റെ അവശേഷിക്കുന്ന നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് 4.30ന് ചാത്തൻതറയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിക്കുമെന്ന് പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. പൊതുസമ്മേളനം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. നിർമാണം പൂർത്തിയാക്കാൻ 16 കോടി രൂപ കൂടിയാണ് അധികമായി അനുവദിച്ചത്.
മoത്തുംചാൽ-മുക്കൂട്ടുതറ റോഡ് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്താണ് പുനർ നിർമാണത്തിനായി കിഫ്ബി ഏറ്റെടുത്തത്. 36 കിലോമീറ്റർ റോഡ് നിർമിക്കാൻ 43 കോടി രൂപയാണ് അന്ന് അനുവദിച്ചത്. നിർമാണം 90 ശതമാനവും കഴിഞ്ഞിരുന്നെങ്കിലും വൈദ്യുതി പോസ്റ്റുകളും വാട്ടർ അതോറിറ്റിയുടെ പൈപ്പുകളും മാറ്റാൻ എടുത്ത കാലതാമസമുണ്ടായി. ഇതോടെ നിർമാണ സാമഗ്രികളുടെ വില കൂടിയതിനാൽ ഇനി പ്രവൃത്തി പൂർത്തീകരിക്കാനാകില്ല എന്ന് കാട്ടി അന്നത്തെ കരാറുകാരൻ നിർമാണം ഉപേക്ഷിച്ചു. തുടർന്ന് കിഫ്ബി നിർമാണം പൂർത്തീകരിക്കുന്നതിനായി അധികമായി 16 കോടി രൂപയുടെ കൂടി അംഗീകാരം നേടി നിർമാണം പുനരാരംഭിക്കാൻ ടെൻഡർ നടത്തിയത്.
10 മീറ്റർ വീതിയിൽ പുനരുദ്ധരിക്കുന്ന റോഡിന് 5.5 മീ. വീതിയിൽ ടാറിങ് നടത്തും. റാന്നിയുടെ കിഴക്കൻ മേഖലയെ പടിഞ്ഞാറൻ മേഖലയുമായി ബന്ധിപ്പിക്കുന്ന റോഡ് എന്ന പ്രത്യേകതയും വിവിധ റേസുകളെ കൂട്ടിയിണക്കിയുള്ള ഈ നിർമാണ പ്രവൃത്തിക്കുണ്ട്. അന്ന് എം.എൽ.എ ആയിരുന്ന രാജു എബ്രഹാമിന്റെ നിർദേശപ്രകാരം മഠത്തുംചാൽ-കരിങ്കുറ്റി റോഡ്, കരിങ്കുറ്റി-അങ്ങാടി, റാന്നിയിലെ രണ്ട് ബൈപാസ് റോഡുകൾ, മനമരുതി-വെച്ചൂച്ചിറ-കനകപ്പലം, വെച്ചുച്ചിറ ചാത്തൻതറ- മുക്കൂട്ടുതറ റോഡുകളെ ചേർത്തിണക്കിയാണ് പദ്ധതി തയാറാക്കിയത്.
കൊറ്റനാട്, റാന്നി അങ്ങാടി, പഴവങ്ങാടി, വെച്ചൂച്ചിറ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കോട്ടയം ജില്ലയിലെ മുക്കൂട്ടുതറയിലേക്ക് കടക്കുന്നു. അങ്ങാടി, ഇട്ടിയപ്പാറ, മനമരുതി, വെച്ചുച്ചിറ, ചാത്തൻതറ, മുക്കൂട്ടുതറ എന്നിവയാണ് റോഡ് ബന്ധിപ്പിക്കുന്ന പ്രധാന ടൗണുകൾ.
റോഡ് കിഴക്കൻ മേഖലയുടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകും. അവശേഷിക്കുന്ന ബിസി ഓവർലേ, സംരക്ഷണ ഭിതികൾ, അപകട സൂചനാ ബോർഡുകൾ, ക്രാഷ് ബാരിയറുകൾ, റോഡിന്റെ വശങ്ങളിൽ ഓടകൾ, ഇൻറർലോക്ക് പാകൽ, ഐറിഷ് ഡ്രെയിൻ, റോഡ് അടയാളപ്പെടുതൽ എന്നിവക്കാണ് പുതുതായി ഫണ്ട് അനുവദിച്ചിരിക്കുന്നത്. ബെഗോറ കൺസ്ട്രക്ഷൻസിനാണ് റോഡിന്റെ നിർമാണച്ചുമതല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.