അവസരോചിത ഇടപെടലിൽ യാത്രക്കാരുടെ ജീവൻ രക്ഷിച്ച കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്ക് ആദരവ്
text_fieldsവെച്ചൂച്ചിറ -റാന്നി സെന്റ് തോമസ് കോളജ് റൂട്ടിൽ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ രാജേഷ് ബാബുവിനെ കോളജ് അധികൃതർ പൊന്നാടയിട്ട് ആദരിക്കുന്നു
റാന്നി: നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ് അവസരോചിതമായ പ്രവൃത്തിയിലൂടെ നിയന്ത്രിച്ച് കോളജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ രക്ഷിച്ച ബസ് ഡ്രൈവർ രാജേഷ് ബാബുവിനെ റാന്നി സെന്റ് തോമസ് കോളജ് മാനേജ്മെന്റും അധ്യാപകരും വിദ്യാർഥികളും ചേർന്ന് ആദരിച്ചു.
വെച്ചൂച്ചിറ -റാന്നി സെന്റ് തോമസ് കോളജ് റൂട്ടിൽ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവറാണ് രാജേഷ് ബാബു. വെള്ളിയാഴ്ച രാവിലെ കോളജിലേക്ക് പതിവ് സർവിസ് നടത്തിയപ്പോഴാണ് അപ്രതീക്ഷിത ആദരം ഒരുക്കിയത്. കോളജ് പ്രിൻസിപ്പൽ ഡോ. സ്നേഹ എൽസി ജേക്കബ് പൂച്ചെണ്ട് നൽകി സ്വീകരിക്കുകയും മാനേജർ പ്രഫ. റോയി മേലേൽ പൊന്നാട അണിയിക്കുകയും ചെയ്തു.
വിദ്യാർഥി യൂനിയനെ പ്രതിനിധീകരിച്ച് ചെയർമാൻ ബെൻസണും ഡ്രൈവറെ പൊന്നാട അണിയിച്ചു. കഴിഞ്ഞദിവസം ആനമാടത്തുനിന്ന് ഇടമൺ ജങ്ഷനിലേക്ക് വരുമ്പോഴാണ് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടത്. സമചിത്തത കൈവിടാതെ ബസിനെ എവിടെയെങ്കിലും ഇടിച്ചുനിർത്താൻ ഡ്രൈവർ ശ്രമിച്ചു. മൂന്നാമത്തെ ശ്രമത്തിൽ വഴിയരികിൽ കൂട്ടിയിട്ടിരുന്ന തടിയിൽ സുരക്ഷിതമായി ഇടിച്ചുനിർത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

