വീട്ടിൽ അതിക്രമിച്ച് കയറി മോഷണം; കൗമാരക്കാർ ഉൾപ്പെടെ ആറുപേർ പിടിയിൽ
text_fieldsസൂര്യദേവ് ആദിത്യൻ അനു
പത്തനംതിട്ട: വലഞ്ചുഴി കാവ് ജങ്ഷനിൽ നിർമാണത്തിലിരിക്കുന്ന വീട്ടിലെ ഇലക്ട്രിക് പ്ലംബിങ് ഉപകരണങ്ങൾ നശിപ്പിക്കുകയും മോഷണം നടത്തുകയും ചെയ്ത സംഘത്തിലെ കൗമാരക്കാർ ഉൾപ്പെടെ ആറുപേരെ പത്തനംതിട്ട പൊലീസ് പിടികൂടി. പത്തനംതിട്ട, വലഞ്ചൂഴി കിഴക്കേടത്ത് ലക്ഷംവീട്ടിൽ അനു (20), ആദിത്യൻ (20), വലഞ്ചുഴി കാരുവേലിൽ സൂര്യദേവ് (18), മൂന്ന് പ്രായപൂർത്തിയാകാത്തവർ എന്നിങ്ങനെ ആറുപേരാണ് പിടിയിലായത്.
കുമ്പഴ പുതുപ്പറമ്പിൽ അഭിജിത്ത് ജെ. പിള്ളയുടെ നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് ഈമാസം ഒന്നിനും 10നുമിടയിൽ സാമൂഹികവിരുദ്ധ അഴിഞ്ഞാട്ടം ഉണ്ടായത്. ഫ്രിഡ്ജ്, മൈക്രോവേവ് ഓവൻ, മൂന്ന് എ.സികൾ, വാക്വം ക്ലീനർ, പ്രഷർ വാട്ടർ പമ്പ് തുടങ്ങിയവ നശിപ്പിച്ചു. ഇവയുടെ ഇലക്ട്രിക് വയറുകൾ വീടിനകത്ത് കൂട്ടിയിട്ട് കത്തിച്ചു. ശുചിമുറിയിലെ ഫിറ്റിങ്ങുകളും തകർത്തു. നിരവധി സാധനങ്ങൾ അടിച്ചുനശിപ്പിച്ച ശേഷം കൂട്ടിയിട്ട് കത്തിച്ച്, ചെമ്പ് കമ്പികൾ എടുക്കുകയും, ഇലക്ട്രിക് ഭാഗങ്ങൾ മോഷ്ടിക്കുകയും ചെയ്തു. ആകെ അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഒമ്പതിന് രാവിലെ 10ന് വലഞ്ചുഴിയിലുള്ള സുഹൃത്ത് അറിയിച്ചപ്പോഴാണ് അഭിജിത് വിവരം അറിയുന്നത്.
70 സെന്റ് സ്ഥലത്ത് 8000 ചതുരശ്ര അടിയിൽ നിർമിക്കുന്ന മൂന്നുനിലക്കെട്ടിടം 10 വർഷം മുമ്പാണ് നിർമാണം തുടങ്ങിയത്. മുൻവശത്തെ വാതിൽ തകർത്ത നിലയിലാണ്, മുറിക്കുള്ളിൽ പെയിന്റ് വാരി തേച്ചും ചിത്രങ്ങൾ വരച്ചും വികൃതമാക്കിയിരുന്നു. പരാതിയിൽ കേസെടുത്ത പത്തനംതിട്ട പൊലീസ്, ഫോറൻസിക് സംഘത്തെയും ഡോഗ് സ്ക്വാഡിനെയും സ്ഥലത്ത് എത്തിച്ച് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. എസ്.ഐ ഷിജു പി. സാം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തുടർന്ന് അന്വേഷണം എസ്.ഐ കെ.ആർ. രാജേഷ് കുമാർ ഏറ്റെടുത്തു. അഭിജിത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയതിൽ വീടിന്റെ ചുറ്റുമതിലിലെ ഇരുമ്പ് ഗ്രില്ല് പ്രതികൾ മോഷ്ടിച്ച കാര്യവും വെളിപ്പെടുത്തി. ഒന്നാം പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലെടുത്ത പൊലീസ് സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ ഗ്രില്ലുകളും മറ്റും ഇളക്കിക്കൊണ്ട് പോയത് മറ്റു പ്രതികൾക്കൊപ്പമാണെന്ന് സമ്മതിച്ചു, തുടർന്ന് യുവാവിനെ അറസ്റ്റ് ചെയ്തു.
മറ്റുപ്രതികളെ വലഞ്ചുഴിയിൽ നിന്നും ഉടനടി പിടികൂടി. പിന്നീട് ഒന്നാം പ്രതിയുടെ കുറ്റസമ്മതമൊഴി പ്രകാരം ഗ്രില്ല് കണ്ടെടുത്തു. മോഷ്ടിച്ച ചെമ്പുകമ്പികൾ കണ്ടെത്തിയത് മൂന്നാം പ്രതിയുടെ കുറ്റസമ്മതത്തെ തുടർന്നാണ്. 17കാരായ മൂന്നുപേരെ രക്ഷാകർത്താക്കളുടെ സാന്നിധ്യത്തിൽ കുറ്റങ്ങൾ പറഞ്ഞുബോധ്യപ്പെടുത്തിയശേഷം റിപ്പോർട്ട് സഹിതം ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. പിന്നീട് കൊല്ലത്തെ ജുവനൈൽ ഹോമിലേക്ക് മാറ്റി. ഒന്നുമുതൽ മൂന്നുവരെ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്തനംതിട്ട ഡി.വൈ.എസ്.പി എസ്. ന്യൂമാന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. പൊലീസ് ഇൻസ്പെക്ടർ കെ. സുനുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.