കിണർ ഇടിഞ്ഞു താഴ്ന്നു
text_fieldsകുറ്റൂർ തലയാർ വടക്കേക്കുറ്റി വീട്ടിൽ വി.കെ സനൽകുമാറിന്റെ വീട്ടുവളപ്പിലെ കിണർ ഇടിഞ്ഞു താഴ്ന്ന നിലയിൽ
തിരുവല്ല: തിരുവല്ലയിലെ കുറ്റൂരിൽ വീട്ടുമുറ്റത്തോടെ ചേർന്ന് സ്ഥിതി ചെയ്തിരുന്ന കിണർ ഇടിഞ്ഞു താഴ്ന്നു. കുറ്റൂർ തലയാർ വടക്കേക്കുറ്റി വീട്ടിൽ വി. കെ സനൽകുമാറിന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. സംഭവ സമയം സനൽകുമാറും ജ്യേഷ്ഠ സഹോദരൻ ഹരികുമാറും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. പുലർച്ചെ ഒരു മണിയോടെ ഭയാനകമായ ശബ്ദം കേട്ടാണ് ഇരുവരും ഉണർന്നത്. ഇതിന് പിന്നാലെ വീടിന് ചെറിയ രീതിയിൽ കുലുക്കം അനുഭവപ്പെടുകയും ചെയ്തു.
ചെറിയ ഭൂമികുലുക്കം ഉണ്ടായതാണ് എന്ന് ആശ്വസിച്ച് ഇരുവരും ഉറങ്ങി. പുലർച്ചെ ആറുമണിയോടെ വീടിന് പുറത്തിറങ്ങിയപ്പോഴാണ് 20 അടിയോളം താഴ്ചയുള്ള കിണർ ഇടിഞ്ഞുതാഴ്ന്നതായി കാണപ്പെട്ടത്. കുടിവെള്ളം പമ്പ് ചെയ്യുന്നതിനായി സ്ഥാപിച്ചിരുന്ന മോട്ടോറും ഭൂമിക്ക് അടിയിലായി. കിണറിനോട് ചേർന്നുള്ള മൂന്നു മുറികളുടെ ഭിത്തികൾക്കും തറയ്ക്കും വിള്ളൽ വീണിട്ടുണ്ട്. വീട്ടുടമയായ സനൽകുമാർ വില്ലേജ് -ഗ്രാമപഞ്ചായത്ത് അധികൃതരെ സംഭവം അറിയിച്ചിട്ടുണ്ട്.

