കാൽനട യാത്രികർ പുറത്ത്; കച്ചവടക്കാർ അകത്ത്; പാതയോരം ‘പിടിച്ചെടുത്ത്’ കച്ചവടം
text_fieldsതിരുവല്ല -അമ്പലപ്പുഴ സംസ്ഥാനപാതയിൽ പൊടിയാടി ജങ്ഷന് സമീപത്തെ വഴിയോര കച്ചവടം
തിരുവല്ല: പാതയോരം കൈയ്യടക്കിയുള്ള അനധികൃത കച്ചവടങ്ങൾക്ക് നേരെ അധികൃതർ കണ്ണടക്കുന്നതായി ആക്ഷേപം. എം.സി. റോഡിലും സംസ്ഥാന പാതകളിലും വഴിയോരകച്ചവടക്കാരുടെ എണ്ണം കുത്തനെ വർധിച്ചിരിക്കുകയാണ്. എ.സി. റോഡിൽ ഇടിഞ്ഞില്ലം മുതൽ ചെങ്ങന്നൂർ വരെയും ടി.കെ. റോഡിൽ തിരുവല്ല- കോഴഞ്ചേരി ഭാഗത്തും നിരവധി കച്ചവടക്കാരാണുള്ളത്. തിരുവല്ല-അമ്പലപ്പുഴ റോഡിലുള്ള നിരവധി അധികൃത കച്ചവടക്കാരാണ് പാതയോരം കൈയ്യേറിയിരിക്കുന്നത്.
റോഡ് നവീകരണത്തിന്റെ ഭാഗമായി തിരുവല്ല നഗരത്തിൽ കാൽനട യാത്രക്കാർക്കായി തറയോടും സുരക്ഷാ വേലിയും അടക്കം സ്ഥാപിച്ച് നിർമ്മിച്ചിരിക്കുന്ന നടപ്പാതകളിലും കച്ചവടക്കാർ തമ്പടിച്ചിരിക്കുകയാണ്. നടപ്പാതകളിൽ കച്ചവടക്കാർ നിറഞ്ഞതോടെ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട ഗതികേടിലാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടക്കാർ. ഇത് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്.
ഉപയോഗ ശൂന്യമായ ചെറു വാഹനങ്ങൾ നടപ്പാതകളിൽ കയറ്റിയിട്ട് മത്സ്യവും പച്ചക്കറിയും, ലഘു ഭക്ഷണങ്ങളും ഉൾപ്പെടെയുള്ളവ വിൽക്കുന്ന കച്ചവടക്കാരും നിരവധിയാണ്. ഇത് മൂലം തെരുവ്നായ് ശല്യവും രൂക്ഷമാണ്. കൊടും വളവുകളിലെ അപകട സാധ്യത ഒഴിവാക്കാനായി തറയോട് പാകി വീതി കൂട്ടി നിർമ്മിച്ച പല ഭാഗങ്ങളും അനധികൃത കച്ചവടക്കാർ പൂർണ്ണമായും കൈയ്യടക്കിയിരിക്കുകയാണ്. കൈയ്യേറിയ ഭാഗങ്ങളിൽ സ്ഥിരം സംവിധാനം നിർമിച്ചിരിക്കുന്നവരും നിരവധിയാണ്. ഇത്തരം കച്ചവടക്കാരിൽ നിന്നും സാധനങ്ങൾ വാങ്ങാനായി യാത്രക്കാർ വാഹനങ്ങൾ റോഡിലേക്കിറക്കി നിർത്തിയിടുന്നത് പലപ്പോഴും അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്.
വ്യാപാരി വ്യവസായി സംഘനകളുടെ നിരന്തരമായ പരാതികൾക്കും അപകടങ്ങൾക്കും പിന്നാലെ അധികൃതർ എത്തി കച്ചവടക്കാരെ ഒഴിപ്പിക്കാറുണ്ട്. എന്നാൽ അടുത്ത ദിവസം തന്നെ ഇവരെല്ലാം തിരികെയെത്തുകയാണ് പതിവ്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കന്മാരുടെ പിൻബലത്തിലാണ് അനധികൃത കച്ചവട സ്ഥാപനങ്ങളിൽ ഏറെയും പ്രവർത്തിക്കുന്നതെന്നും ആരോപണമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.