മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ആക്രമിച്ചയാൾ പിടിയിൽ
text_fieldsമാഹിൻ
തിരുവല്ല: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ആക്രമിച്ച ഏജന്റ് പിടിയിൽ. ഈരാറ്റുപേട്ട പട്ടൂർ പറമ്പിൽ മാഹിനാണ് (31) പിടിയിലായത്. തിരുവല്ല റവന്യൂ ടവറിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട എൻഫോഴ്സ്മെന്റ് ആർ.ടി ഓഫിസിലെ അസി. മോട്ടോർ ഇൻസ്പെക്ടർ ആർ. സന്ദീപിന് ആക്രമണത്തിൽ പരിക്കേറ്റു.
തിങ്കളാഴ്ച ഉച്ചക്ക് 2.30ഓടെയായിരുന്നു സംഭവം. വാഹനത്തിന്റെ പിഴത്തുക കുറക്കണമെന്ന് ആവശ്യപ്പെട്ട് ഓഫിസിലെത്തിയ മാഹിനോട് ഓഫിസ് സമയം കഴിഞ്ഞതായി മർദനമേറ്റ ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതോടെ പ്രകോപിതനായ മാഹിൻ വനിത ജീവനക്കാർ ഉൾപ്പെടെ ഉള്ളവരെ അസഭ്യം പറഞ്ഞ് കൈയിൽ കരുതിയ താക്കോൽക്കൂട്ടം ഉപയോഗിച്ച് സന്ദീപിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ബഹളംകേട്ട് എത്തിയ സമീപ ഓഫിസുകളിലെ ജീവനക്കാരും ചേർന്ന് മാഹിനെ കീഴ്പ്പെടുത്തി തിരുവല്ല പൊലീസിന് കൈമാറി. സന്ദീപിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് ആർ.ടി.ഒ ഓഫിസുമായി ബന്ധപ്പെട്ട സേവനങ്ങൾ ചെയ്തു നൽകുന്നയാളാണ് പ്രതിയെന്നും പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.