സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
text_fieldsഅനൂപ്
റാന്നി: നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി മാറ്റുകയും മറ്റു പലർക്കും അയച്ചുകൊടുക്കുകയും ചെയ്ത കേസിൽ യുവാവിനെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. അങ്ങാടി, വരവൂർ, ചെറുതോട്ടുങ്കൽ വീട്ടിൽ സി.എം. അനൂപിനെ (31)യാണ് റാന്നി പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളിൽനിന്ന് ശേഖരിച്ച റാന്നി സ്വദേശിനികളായ നിരവധി സ്ത്രീകളുടെ ചിത്രങ്ങളാണ് ഇയാൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളും നഗ്നവിഡിയോകളുമാക്കിയത്.
റാന്നി സ്വദേശിനിയായ സ്ത്രീയുടെ പരാതിയിൽ സെപ്റ്റംബർ അഞ്ചിന് ഇയാൾക്കെതിരെ റാന്നി പൊലീസ് സ്റ്റേഷനിൽ സമാനമായ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ഫോണിൽനിന്ന് നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സൂക്ഷിച്ചത് കണ്ടെത്തിയത്.
മറ്റു ചില സ്ത്രീകളും പരാതിയുമായി രംഗത്തെത്തിയതോടെ, ഐ.ടി ആക്ടിലെ വിവിധ വകുപ്പുകൾ അനുസരിച്ച് റാന്നി പൊലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എറണാകുളത്തുനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. മൊബൈൽ ഫോണും ലാപ്ടോപ്പും ഉൾപ്പെടെ ഇയാളിൽനിന്ന് പിടിച്ചെടുക്കുകയും ചെയ്തു.
റാന്നി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സിബി, സി.പി.ഒമാരായ പ്രദീപ് പി. പ്രസാദ്, ശൈലേന്ദ്ര ബാബു, സുബിൻ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

