വെനീസിന്റെ ഹൃദയം കീഴടക്കി 11കാരി എല്ലോറ മിഥുൻ
text_fieldsകലാമണ്ഡലം ജോണും സംഘവും വെനീസിലെ അലക്കീനോ ഇറാന്തേ മുപ്പതാമത് ഇൻറർനാഷനൽ ഫെസ്റ്റിവലിൽ അവതരിപ്പിച്ച കഥകളി
ചെറുതുരുത്തി: ഇറ്റലിയിലെ വെനീസ് നഗരത്തിന്റെ ഹൃദയം കീഴടക്കി ചെറുതുരുത്തിയുടെ അഭിമാന കൃഷ്ണൻ. കഥകളിയിൽ അപൂർവ സൗഭാഗ്യത്തിന്റെ ഉടമയായിരിക്കുകയാണ് ചെറുതുരുത്തി പുതുശ്ശേരി എസ്.എൻ.ടി.ടി.എ സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനി എല്ലോറ മിഥുൻ. ശ്രീകൃഷ്ണ വേഷത്തിൽ എല്ലോറ നിറഞ്ഞാടിയപ്പോൾ പ്രൗഢഗംഭീരമായ സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കൈയടിച്ചു. ഈ കൂട്ടത്തിൽ സ്വന്തം മാതാവ്, മുത്തച്ഛൻ, മുത്തശ്ശി എന്നിവരും ഉൾപ്പെട്ടത് 11കാരി എല്ലോറ മിഥുന് അഭിമാന നിമിഷമായി. ഒരു കുടുംബത്തിലെ നാലു പേർ വിദേശത്ത് ഒരേ വേദിയിൽ സംഗമിച്ചതും അപൂർവതയായി. ക്രിസ്ത്യൻ സമുദായത്തിൽനിന്ന് ആദ്യമായി കഥകളി രംഗത്തെത്തിയ കലാമണ്ഡലം ജോണിന്റെ നേതൃത്വത്തിലുള്ള കഥകളി സംഘമാണ് വെനീസിലെ അലക്കീനോ ഇറാന്തേ മുപ്പതാമത് ഇന്റർനാഷനൽ ഫെസ്റ്റിവലിൽ ദുര്യോധനവധത്തിലെ ശ്രീകൃഷ്ണന്റെ വേഷം കെട്ടിയാടിയത്. എല്ലോറയുടെ മാതാവ് ഡോ. റൂബി കെ. ജോൺ ദ്രൗപതിയായും മുത്തച്ഛൻ കലാമണ്ഡലം ജോൺ രൗദ്രഭീമനായും വേദിയിലെത്തി. കഥകളിയിലെ ആദ്യ പെൺ ചുട്ടി കലാകാരിയായ മുത്തശ്ശി കലാമണ്ഡലം മേരി ജോൺ ചുട്ടി കുത്തിയണ് അരങ്ങേറ്റം കുറിച്ചത്.
ഫെസ്റ്റിവലിൽ ഏറ്റവും നല്ല കലാകാരന്മാർക്ക് നൽകുന്ന അവാർഡ് ഇന്ത്യയെ പ്രതിനിധീകരിച്ച് കലാമണ്ഡലം ജോണിന് നൽകിയത് ആഹ്ലാദ നിമിഷവും കാണാനും എല്ലോറക്ക് സാധിച്ചു. പിതാവ് മിഥുൻ പൂർണ പിന്തുണയാണ് മകൾക്കും സഹധർമിണി ഡോ. റൂബി കെ. ജോണിനും നൽകുന്നത്. കഥകളി സംഘത്തിൽ കോട്ടക്കൽ ദേവദാസ്, കലാമണ്ഡലം രാജനാരായണൻ, അജേഷ് പ്രഭാകർ, സുധീഷ്, കലാമണ്ഡലം രാജേഷ് തുടങ്ങിയവരും ജോണിനൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

