ജനനി; ജില്ലയിൽ പിറന്നത് 172 കുഞ്ഞുങ്ങൾ
text_fieldsപ്രതീകാത്മക ചിത്രം
തൃശൂർ: ദാമ്പത്യ ജീവിതം വർഷങ്ങൾ പിന്നിട്ടിട്ടും പല ചികിത്സകൾ നടത്തിയിട്ടും കുരുന്നിനായി കാത്തിരിക്കുന്നവർക്ക് സ്വപ്ന സാക്ഷാത്കാരമേകി ‘ജനനി’ പദ്ധതി. കേരള സർക്കാർ ഹോമിയോപ്പതി വകുപ്പിന്റെ അഭിമാന പദ്ധതിയായ ‘ജനനി’യിലൂടെ ജില്ലയിൽ ജന്മം നൽകിയത് 172 കുഞ്ഞുങ്ങൾക്ക്.
2012 ൽ അമ്മയും കുഞ്ഞുമെന്ന പേരിൽ കണ്ണൂരിൽ തുടങ്ങിയ പദ്ധതി 2019 മുതലാണ് എല്ലാ ജില്ല ഹോമിയോപ്പതി ആശുപത്രികളിലും പ്രത്യേക പദ്ധതിയായി ആരംഭിച്ചത്. പൂത്തോളിലെ ജില്ല ഹോമിയോപ്പതി ആശുപത്രിയിലെ ജനനി പദ്ധതിയിലൂടെ 217 പേർ ഗർഭിണികളാവുകയും 172 കുഞ്ഞുങ്ങൾ പിറക്കുകയും ചെയ്തു.
സാമ്പത്തിക ബാധ്യതകൾ വരാതെ, പാർശ്വഫലങ്ങളില്ലാതെ ശാസ്ത്രീയമായ രീതിയിൽ ഗർഭധാരണം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജനനി പദ്ധതി മുന്നോട്ടുപോകുന്നത്. വിവാഹശേഷം ഒരു വർഷമായി ഒരുമിച്ച് ജീവിക്കുകയും മറ്റു ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിച്ചില്ലെങ്കിൽ കൂടി ഗർഭധാരണം സാധ്യമാകാതിരിക്കുകയും ചെയ്ത ദമ്പതികൾ, ഐ.വി.എഫ്, ഐ.യു.ഐ തുടങ്ങിയ ചെലവേറിയ രീതികൾ അവലംബിച്ചതിനു ശേഷവും ഗർഭധാരണം സാധ്യമാകാതെ വരുന്നവർ, ഗർഭധാരണം സാധ്യമായിട്ടും പലതരം കാരണങ്ങളാൽ ഗർഭസ്ഥ ശിശുവിനെ നഷ്ടമായവർ, എന്നിവർക്കാണ് ജനനി പദ്ധതിയിലൂടെ ചികിത്സ നൽകുന്നത്.
വിദഗ്ധരായ ഡോക്ടർമാരുടെ സേവനം, സൗജന്യ ചികിത്സാരീതികൾ, യോഗ, കൗൺസലിങ്, സ്കാനിങ്, ലാബ് സൗകര്യം എന്നിവ ഉൾപ്പെടെ ആധുനിക രീതിയിലൂടെ നിരവധിയായ സേവനങ്ങൾ സൗജന്യമായി ഹോമിയോപ്പതി ആശുപത്രി നൽകുന്നു. ജനനിയിലൂടെ സംസ്ഥാനത്ത് ഇതുവരെ 3800 കുഞ്ഞുങ്ങൾ ജനിച്ചിട്ടുണ്ട്. ജില്ല ആശുപത്രിയിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ടു വരെ സേവനം ലഭ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.