ട്രോളിങ് നിരോധനം നീങ്ങാൻ 21 ദിവസം ബാക്കി: ആരവമൊഴിഞ്ഞു; വറുതിയിൽ ചാവക്കാട് തീരം
text_fieldsഎടക്കഴിയൂർ ബീച്ചിലെ മത്സ്യബന്ധനവും കച്ചവടവും വീക്ഷിക്കുന്ന മുനക്കകടവ് കോസ്റ്റൽ പൊലീസ്
ചാവക്കാട്: ട്രോളിങ് നിരോധനം നീങ്ങാൻ 21 ദിവസങ്ങൾ ഇനിയും ബാക്കി. വറുതിയിലായി തീരം. വള്ളവും വലയും മീനും ലേലംവിളികളുമായി സജീവമായിരുന്ന ചാവക്കാട് ബീച്ചിൽ ആരവങ്ങളില്ലാതായിട്ട് 30 ദിവസം പിന്നിട്ടു. അന്തർ സംസ്ഥാന വള്ളങ്ങൾക്കും ബോട്ടുകൾക്കും, കരയിൽ നിന്നും 12 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനത്തിന് വിലക്കുള്ളതിനാലും ചാവക്കാട് കടലിൽ പോയിരുന്ന കന്യാകുമാരി, കുളച്ചിൽ സ്വദേശികൾ നാട്ടിലേക്ക് പോയി.
പരമ്പരാഗത മത്സ്യത്തൊതൊഴിലാളികൾക്ക് 12 നോട്ടിക്കൽ മൈലിനുള്ളിൽ ഉപരിതല മത്സ്യബന്ധനം നടത്താമെങ്കിലും ചാവക്കാട് മേഖലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ എടക്കഴിയൂർ, പഞ്ചവടി ബീച്ചുകളിലാണ് വള്ളം അടുപ്പിക്കുന്നത്. ഇതോടെ ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലെ മത്സ്യമേഖല പൂർണമായും ഉണങ്ങി. മത്സ്യബന്ധന മേഖലയിലെ അനുബന്ധ തൊഴിലാളികൾക്കും പണിയില്ലാതെയായി.
പഞ്ചവടി കടപ്പുറത്ത് മീൻ പിടിത്തവും കച്ചവടവും സജീവമാണെങ്കിലും വളരെ കുറഞ്ഞ മത്സ്യം മാത്രമാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം മത്സ്യസമ്പത്തിൽ കാര്യമായ കുറവ് അനുഭവപ്പെടുന്നതായി പുളിക്കുന്നത്ത് വള്ളങ്ങളുടെ ഉടമ പുളിക്കുന്നത്ത് മുജീബ് പറഞ്ഞു. അമ്പതോളം വള്ളങ്ങളിൽ നാലോ അഞ്ചോ വള്ളങ്ങൾക്ക് മാത്രമാണ് കാര്യമായി മത്സ്യം ലഭിക്കുന്നത്. പോത്തൻ (ഡബിൾ നെറ്റ്) വലകളും മറ്റു നിരോധിത രീതികളും ഉപയോഗിച്ച് ചില വള്ളക്കാർ നടത്തുന്ന മത്സ്യബന്ധനം മറ്റു വള്ളക്കാർക്ക് കൂടെ വിനയാകുന്നതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
വിവരമറിഞ്ഞ് ഫിഷറീസ് ഉദ്യോഗസ്ഥർ എത്തുന്നതോടെ മുഴുവൻ വള്ളങ്ങളും കരക്ക് കയറ്റേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത്. മത്സ്യബന്ധന മേഖലയിൽ സംസ്ഥാനത്ത് നിയമ ലംഘനങ്ങൾ പിടികൂടിയ വകയിൽ ഈ വർഷം ഏറ്റവും കൂടുതൽ തുക സർക്കാറിലേക്ക് അടച്ചത് ജില്ലയിൽ നിന്നാണ്. 18 കേസുകളിൽ നിന്നായി പിടിച്ചെടുത്ത മത്സ്യം ലേലംചെയ്ത് ലഭിച്ചതും പിഴയും ഉൾപ്പെടെ 2157500 രൂപ സർക്കാറിലേക്ക് ഒടുക്കിയിട്ടുണ്ട്.
നിരോധിത മത്സ്യബന്ധന രീതികൾ അവലംബിക്കുന്ന വള്ളങ്ങൾക്ക് ചെറിയ ചെമ്മീൻ ഉൾപ്പെടെ മീനുകൾ ലഭിക്കുന്നുണ്ട്. പോത്തൻ വലകളുടെ ഉപയോഗം അടിത്തട്ടിലെ മത്സ്യങ്ങളുടെ മുട്ടകൾ വരെ നശിപ്പിക്കും. നിയമങ്ങൾ മത്സ്യതൊഴിലാളികളുടെ നന്മക്ക് വേണ്ടിയാണെന്നും ഇപ്പോൾ ലഭിക്കുന്ന ചെറിയ സന്തോഷങ്ങൾ ഭാവിയിൽ അവർക്ക് തന്നെ ദോഷമായി വരുമെന്നും ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ സി. സീമ ‘മാധ്യമ’ത്തോട് പറഞ്ഞു.
തീരസുരക്ഷ: ബോട്ടുകളുടെയും വള്ളങ്ങളുടെയും പരിശോധന 14 മുതൽ
തൃശൂർ: തീരസുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിർദേശ പ്രകാരം സംസ്ഥാന സർക്കാർ യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളുടെ (ട്രോൾ ബോട്ടുകൾ, ഇൻബോർഡ് വള്ളങ്ങൾ) പരിശോധന നടത്തുന്നു. അഴീക്കോട് ജൂലൈ 14 ,15 തീയതികളിലും ചേറ്റുവ, മുനക്കകടവ് ഭാഗത്ത് ജൂലൈ 16, 17 തീയതികളിലും രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ പരിശോധന സൗകര്യം ഒരുക്കും.
അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ ഡോ. സീമയുടെ നേതൃത്വത്തിൽ ജില്ലയിലെ ഫിഷറീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഏഴ് സംഘമായി തിരിഞ്ഞാണ് പരിശോധന നടത്തുക. ‘റിയൽ ക്രാഫ്റ്റ്’ സോഫ്റ്റ് വെയർ വഴിയാണ് യാനങ്ങളുടെ രജിസ്ട്രേഷനും ലൈസൻസും അനുവദിക്കുന്നത്.
അപകടത്തിൽപെട്ടതും കാലപ്പഴക്കം വന്നും മറ്റും പ്രവർത്തിക്കാത്തതായ യാനങ്ങൾ, മറ്റ് സംസ്ഥാനങ്ങളിലേക്ക് വിറ്റുപോയ യാനങ്ങൾ തുടങ്ങിയവ സോഫ്റ്റ്വെയറിൽ നിന്ന് യഥാസമയം ഒഴിവാക്കാത്തതിനാൽ യഥാർഥത്തിൽ ഉള്ളതിനേക്കാൾ കൂടുതലെണ്ണമാണ് കാണിക്കുന്നത്. ഇത് വിവിധ പദ്ധതി നിർവഹണത്തിനും തീരസുരക്ഷക്കും രാജ്യസുരക്ഷക്കും തടസ്സമാകുന്നതായി സുരക്ഷ ഏജൻസികൾ സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം മുൻനിർത്തിയാണ് യാനങ്ങളുടെ യഥാർഥ എണ്ണം കണക്കാക്കാനായി പരിശോധന നടത്തുന്നത്.
രജിസ്ട്രേഷൻ, ലൈസൻസ്/പെർമിറ്റ്, ഇൻഷൂറൻസ് രേഖകൾ എന്നിവയുടെ അസ്സലും ഓരോ പകർപ്പും സഹിതം യാനം ഉടമകളോ പ്രതിനിധികളോ ഹാജരാകണം. പരിശോധന നടത്തിയ യന്ത്രവത്കൃത ട്രോൾ ബോട്ടുകൾ ട്രോളിങ് നിരോധനത്തിന് ശേഷം മാത്രമേ കടലിൽ ഇറക്കാവൂ എന്നും എല്ലാ ബോട്ട്/ഇൻബോർഡ് വള്ളം ഉടമകളും പരിശോധനയുമായി സഹകരിക്കണമെന്നും ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ മജീദ് പോത്തന്നൂരാൻ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.