അപകടം ഒഴിയാതെ എൻ.എച്ച് 66: തടിലോറിയുടെ പിറകിൽ ടാങ്കർ ലോറി ഇടിച്ച് ഡ്രൈവർക്ക് പരിക്ക്
text_fieldsനാട്ടികയിൽ തടി ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടം
തൃപ്രയാർ: ദേശീയപാത 66ലെ നാട്ടിക സെന്ററിൽ നിർത്തിയിട്ടിരുന്ന തടിലോറിയുടെ പിറകിൽ ടാങ്കർ ലോറി ഇടിച്ചു കയറി. ടാങ്കർ ലോറി ഡ്രൈവർ കണ്ണൂർ സ്വദേശി സിദ്ദീഖിന് (44) കാലിന് ഗുരുതര പരിക്കേറ്റു. പൊലീസും ഫയർ ഫോഴ്സും ചേർന്ന് പണിപ്പെട്ടാണ് ടാങ്കർ ലോറിയുടെ കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം.
ദേശീയപാത ഗതാഗതത്തിന് തുറന്നുകൊടുത്തെങ്കിലും സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതാണ് അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്. വാഹനം ഓടിക്കുന്നവരുടെ മദ്യപാനവും പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ദേശീയ പാതയോരത്ത് ബാറുകൾ പാടില്ലെന്ന നിയമം കാറ്റിൽ പറത്തി പാതയോരത്ത് മുട്ടിനു മുട്ടിന് ബാറുകൾ തുറക്കാൻ അനുവദിച്ചത് ഡ്രൈവർമാരുടെ മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട്.
റോഡ് സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് എൻ.എച്ച് എൻജിനീയർമാരുടെയും വലപ്പാട് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെയും ആസൂത്രണ സമിതി അംഗങ്ങളുടെയും നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. ഹൈവേ വിളക്കുകൾ സ്ഥാപിക്കൽ കഴിഞ്ഞിട്ടില്ല. സിഗ്നൽ ലൈറ്റുകൾ, സ്പീഡ് ഡിവൈഡർ, ഹമ്പുകൾ, സുരക്ഷാ മാർക്കുകൾ, ദിശാ ബോർഡുകൾ, വേഗപരിധി ബോർഡുകൾ, എമർജൻസി ഫോൺ നമ്പർ പ്ലേറ്റ് സ്ഥാപിക്കൽ, കാൽനടയാത്രക്കാർക്കുള്ള നടപ്പാതകൾ തുടങ്ങി എല്ലാ ജോലികളും ഒച്ചിന്റെ വേഗതയിലാണ് പുരോഗമിക്കുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള കാനകൾ ഒന്നും ചെയ്തിട്ടില്ല.
എന്തെങ്കിലുമൊക്കെ തട്ടിക്കൂട്ടി 95 ശതമാനം പണികൾ പൂർത്തീകരിച്ചെന്ന് റിപ്പോർട്ട് കൊടുക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. ഇത് കമ്പനിക്ക് ഉടൻ ടോൾ പിരിവ് ആരംഭിക്കാനുള്ള ഒത്താശ ചെയ്തുകൊടുക്കാനുള്ള നീക്കമാണെന്നും ആക്ഷേപമുണ്ട്. സംയുക്ത പരിശോധനയിൽ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. മോഹനൻ, വാർഡ് മെംബർമാർ, ആസൂത്രണ സമിതി അംഗങ്ങൾ, കരാറുകാരുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

