‘കളിവെട്ടം’ നാടകക്കളരിയിൽ കുട്ടികൾക്കൊപ്പം ആവേശമായി നടൻ സുനിൽ സുഖദ
text_fieldsരംഗചേതനയുടെ ആഭിമുഖ്യത്തിൽ തൃശൂർ റീജനൽ തിയറ്ററിൽ കുട്ടികൾക്കായി സംഘടിപ്പിച്ച അവധിക്കാല ക്യാമ്പ് കളിവെട്ടത്തിൽ നടൻ സുനിൽ സുഖദ പങ്കുചേർന്നപ്പോൾ
തൃശൂർ: ‘മക്കളെ നിങ്ങളെയൊന്നും പഠിപ്പിക്കാനല്ല, നിങ്ങളിൽനിന്ന് ചിലത് പഠിക്കാനാണ് ഞാൻ വന്നത്. നമുക്ക് കളിക്കാം, ചിരിക്കാം...’ - തൃശൂർ രംഗചേതന സംഘടിപ്പിക്കുന്ന ‘കളിവെട്ടം’ നാടക ശിൽപശാലയിലെത്തിയ കുട്ടികളോട് പ്രിയനടൻ സുനിൽ സുഖദ സംവദിച്ചതിങ്ങനെയാണ്. ക്യാമ്പിലെത്തിയ 56 അംഗ കുട്ടിക്കൂട്ടത്തിനൊപ്പം കസേരക്ക് ചുറ്റും ഓടിയും ചാടിയും അദ്ദേഹം സമയം ചെലവഴിച്ചു.
രംഗചേതനയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന നാടകക്കളരിയുടെ 42ാം വാർഷികമാണിത്. കഴിഞ്ഞ 25 വർഷമായി ശിൽപശാലയിൽ സുനിൽ സുഖദ മുടക്കമില്ലാതെ എത്തുന്നുണ്ട്. കുട്ടികളോടൊപ്പം അഭിനയക്കളികളിൽ ഏർപ്പെടുമ്പോൾ ഒരു നടനെന്ന നിലയിൽ തന്റെ അഭിനയജീവിതത്തിന് മുതൽക്കൂട്ടാകുന്ന പുതിയ പല കാര്യങ്ങളും പഠിക്കാൻ കഴിയാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രിൽ 27ന് കേരള സംഗീത നാടക അക്കാദമി നാട്യഗൃഹത്തിൽ ആരംഭിച്ച ശിൽപശാലയിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള കുട്ടികളാണ് പങ്കെടുക്കുന്നത്.
കളികളിലൂടെയും ചിരിയിലൂടെയും കുട്ടികൾ പഠിച്ചെടുത്ത കാര്യങ്ങൾ നാടകങ്ങളായി മേയ് 24ന് അരങ്ങിലെത്തും. ക്യാമ്പിന്റെ സമാപന ദിവസമായ അന്ന് കുട്ടികൾ ഒരുക്കുന്ന മൂന്ന് നാടകങ്ങളാണ് അവതരിപ്പിക്കുക.
കളിവെട്ടത്തിൽ രൂപപ്പെടുന്ന നാടകങ്ങൾ കേവലം കുട്ടികളുടെ സൃഷ്ടിയായി മാത്രം ഒതുക്കപ്പെടേണ്ടവയല്ലെന്നും മികച്ച വേദികളിൽ തുടർന്നും അവതരിപ്പിക്കാൻ യോഗ്യതയുള്ളവയാണെന്നും ശിൽപശാല ഡയറക്ടർ കെ.വി. ഗണേഷ് വ്യക്തമാക്കി. പുതുതലമുറക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കളിമുറ്റം തിരികെ നൽകുന്നതിനൊപ്പം അവരുടെ വ്യക്തിത്വ വികസനവും ക്യാമ്പിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ഒരു മാസം നീളുന്ന നാടക ശിൽപശാലക്ക് കോഓഡിനേറ്റർ വി.എസ്. ഗിരീശൻ, ടെക്നിക്കൽ ഡയറക്ടർ ഗ്രാംഷി പ്രതാപൻ, രംഗചേതന പ്രസിഡന്റ് ഇ.ടി. വർഗീസ് മാസ്റ്റർ എന്നിവരാണ് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

