നാളികേര വികസനത്തിന് കൃഷി വകുപ്പിന്റെ കടുംവെട്ട്
text_fieldsനാട്ടിക യൂനിറ്റിലെ തെങ്ങുകയറ്റ തൊഴിലാളികൾ
തൃപ്രയാർ: കൃഷി വകുപ്പിന്റെ പദ്ധതി വിഹിതത്തിൽ നടത്തിയ വെട്ടിക്കുറക്കൽ പരാഗണ (തെങ്ങുകയറ്റ) തൊഴിലാളികൾക്കും കർഷകർക്കും തിരിച്ചടിയാകും. കൃഷി വകുപ്പിനു കീഴിൽ സങ്കര ഇനം തെങ്ങിൻ തൈകൾ ഉൽപാദിപ്പിക്കുന്ന പദ്ധതിയിൽ ഉൾപ്പെട്ട് ദിവസവേതന അടിസ്ഥാനത്തിൽ തൊഴിലെടുത്ത് വരുന്ന തൃശൂർ ജില്ലയിലെ പരാഗണതൊഴിലാളികൾക്കും (തെങ്ങ് കയറ്റ തൊഴിലാളികൾ) കർഷകർക്കുമാണ് തൊഴിൽ നഷ്ടവും വിളനഷ്ടവും സംഭവിക്കുക.
ഏറെ പ്രത്യേകതകളുള്ള അത്യുൽപാദനശേഷിയുള്ള സങ്കര ഇനം തെങ്ങിൻതൈ ഉൽപാദിപ്പിക്കുന്ന പ്രവർത്തനങ്ങൾ വളരെ അഭിമാനകരമായ രീതിയിൽ 50 വർഷത്തിലധികമായി കേരള കൃഷി വകുപ്പ് ഏറ്റെടുത്ത് കോക്കനട്ട് ഡെവലപ്മെൻറ് കൗൺസിലിന്റെ ഭാഗമായി നടത്തിവരികയാണ്. തൃശൂർ ജില്ലയിലെ ചാവക്കാട് സീഡ് യൂനിറ്റിലും ഇതിനുകീഴിൽ അയ്യന്തോൾ, നാട്ടിക കൃഷി കൃഷിഭവൻ യൂനിറ്റുകളിലുമായാണ് സംസ്ഥാനത്തിലേക്കാവശ്യമായ ഭൂരിഭാഗം സങ്കര ഇനം തെങ്ങിൻതൈകൾ ഉൽപാദിപ്പിക്കുന്നത്. ഈ ഇനത്തിന് കർഷകർക്കിടയിൽ വൻ ഡിമാൻഡും മതിയായത്ര എണ്ണം കിട്ടാനില്ലാത്ത അവസ്ഥയുമാണ്. എന്നാൽ, ഈ വർഷത്തിലെ വാർഷിക പദ്ധതി വിഹിതത്തിൽ ഈ പദ്ധതിക്ക് ആവശുമുള്ള തുകയുടെ 50 ശതമാനം കുറവായിട്ടാണ് തുക വകയിരുത്തിയിട്ടുള്ളത്.
അതിനാൽ പരാഗണ തൊഴിലിൽ വർഷങ്ങളായി കൃഷിവകുപ്പിന് കീഴിൽ തൊഴിലെടുത്തു വരുന്ന പരാഗണതൊഴിലാളികളായ 50ഓളം പേർക്ക് തൊഴിൽ നഷ്ടമാകാനിടയാകും. കൂടാതെ പരാഗണ തൊഴിലാഴികളെ കുറച്ചാൽ കഴിഞ്ഞ വർഷങ്ങളിൽ പോളിനേഷൻ പ്രവൃത്തികൾ നടത്തിയ മാതൃ വൃക്ഷങ്ങളിൽനിന്ന് വിളവെടുപ്പ് നടത്തുന്നതിന് സാധിക്കാതെ വരികയും കൃഷിവകുപ്പിനും കർഷകർക്കും വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്യും.
നിലവിൽ 3200 തെങ്ങുകൾ വളർത്തുന്ന 2500 തെങ്ങ് കർഷകരെയും സർക്കാറിന്റെ ഈ നടപടി ബാധിക്കും. വിത്ത് തേങ്ങ സംഭരിക്കുന്ന യൂനിറ്റുകൾ പ്രവർത്തിക്കുന്നത് തൃശൂർ ജില്ലയിലും കോഴിക്കോട് കുറ്റ്യാടിയിലും മാത്രമാണ്. ഇതിലാണ് വലിയ വെട്ടിക്കുറവ് നടത്തുന്നത്. തൃശൂർ ജില്ലയിൽ മാത്രം ഒമ്പത് യൂനിറ്റുകൾ പ്രവർത്തിക്കുന്നത് മൂന്ന് യൂനിറ്റ് ആയി ചുരുക്കുവാനാണ് കൃഷി വകുപ്പ് ശ്രമം നടത്തുന്നത്. ഇതോടെ വിത്ത് തേങ്ങ സംഭരണവും ഹൈബ്രീഡ് തെങ്ങിൻതൈ ഉൽപാദനത്തിന്റെയും സിംഹഭാഗവും സ്വകാര്യ ഫാമുകൾ കൈയടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

