കാർഷിക-വെറ്ററിനറി സർവകലാശാല ഭൂമി തർക്കം; വിഷയം കോടതിയിലെത്താൻ സാധ്യത
text_fieldsതൃശൂർ: മണ്ണുത്തിയിൽ കാർഷിക സർവകലാശാല കൈവശംവെച്ച ഭൂമി വെറ്ററിനറി സർവകലാശാലക്ക് കൈമാറണമെന്ന ശിപാർശയിൽ നിയമ പോരാട്ടത്തിനും സാധ്യത. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചാൽ കോടതിയിൽ ചോദ്യംചെയ്യുമെന്ന് കാർഷിക ഗവേഷണകേന്ദ്രത്തിലെ ജൈവവൈവിധ്യ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന കൂട്ടായ്മയുടെ ഭാരവാഹികൾ ‘മാധ്യമ’ത്തോട് പറഞ്ഞു. വിഷയം മുഖ്യമന്ത്രി അടക്കമുള്ളവരുടെ ശ്രദ്ധയിൽപെടുത്താനും ശ്രമം നടക്കുന്നുണ്ട്.
കാർഷിക സർവകലാശാലയുടെ പ്രധാന ഭൂമികൾ അടക്കം നഷ്ടപ്പെടുമെന്ന അവസ്ഥ വന്നതോടെ സി.പി.എം അനുകൂല സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ, ഉന്നതതല സമിതി തീരുമാനം രേഖകൾ ശരിയായി പരിശോധിച്ചല്ലെന്ന ആക്ഷേപവും ഉയർന്നു. കാർഷിക സർവകലാശാല 13 വർഷത്തോളമായി കരം അടക്കുന്ന സ്ഥലങ്ങളടക്കം വിട്ടുകൊടുക്കാനുള്ള പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കാർഷിക സർവകലാശാല രജിസ്ട്രാറുടെ തണ്ടപ്പേരിൽ നികുതിയടക്കുന്ന സ്ഥലങ്ങൾ കൂടിയാണിത്.
ജൂലൈ 15ന് ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ നടന്ന ഉന്നതതല സമിതി യോഗം ആകെ 30 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ ജൈവവൈവിധ്യങ്ങൾ അടങ്ങിയതും കാർഷിക സർവകലാശാലയുടെ സുപ്രധാന സ്ഥലങ്ങളും അടക്കം കൈമാറാമെന്ന് ശിപാർശ മിനിറ്റ്സിൽ രേഖപ്പെടുത്തുകയായിരുന്നു. കാർഷിക സർവകലാശാലയുടെ പച്ചക്കറികൃഷി നടത്തുന്ന 1.02 ഹെക്ടർ ഭൂമി വിട്ടുനൽകാമെന്ന് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും സർവകലാശാല വി.സിയുമായ ബി. അശോക് യോഗത്തിൽ അറിയിച്ചിരുന്നു.
നേരത്തേ തർക്കത്തിൽ അല്ലാതിരുന്ന ദേശീയപാതക്കു സമീപത്തുള്ള മൂന്ന് ഏക്കറും വൈസ് ചാൻസലറുടെ ബംഗ്ലാവും തെങ്ങ്, പഴത്തോട്ടം എന്നിവ ഉൾക്കൊള്ളുന്ന 45 ഏക്കറും തർക്കത്തിലായിരുന്നില്ലെന്നും വെറ്ററിനറി സർവകലാശാലയുടെ അഭ്യർഥന അംഗീകരിക്കാനാകില്ലെന്നും ബി. അശോക് അറിയിച്ചു. എന്നാൽ, മണ്ണുത്തിയിലുള്ള ഏതാണ്ട് മുഴുവൻ സ്ഥലവും വെറ്ററിനറി സർവകലാശാലക്ക് കൈമാറാനുള്ള ശിപാർശയാണ് യോഗത്തിന്റെ തീരുമാനമായി മിനിറ്റ്സിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
മണ്ണുത്തിയിൽ സ്ഥലം അനിവാര്യമെന്ന് വെറ്ററിനറി സർവകലാശാല
തൃശൂർ: കാർഷിക സർവകലാശാല വിഭജിച്ച് 2010ൽ വെറ്ററിനറി സർവകലാശാല സ്ഥാപിച്ചപ്പോഴുള്ള വാക്ക് പാലിച്ചില്ലെന്നും മണ്ണുത്തിയിലെ വെറ്ററിനറി കോളജിന് സ്ഥല പരിമിതിയുണ്ടെന്നും അധികൃതർ. കാർഷിക സർവകലാശാല കൈവശംവെച്ച മണ്ണുത്തി കാമ്പസിന് പുറത്തുള്ള മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട ഫാമുകളൊന്നും കൈമാറിയില്ലെന്നും ഇതിന് അവകാശം ഉന്നയിക്കുന്നില്ലെന്നും വി.സി ഡോ. കെ.എസ്. അനിൽ ഉന്നതതല സമിതി യോഗത്തിൽ വ്യക്തമാക്കിയിരുന്നു.
വെറ്ററിനറി സർവകലാശാല ഷെഡ്യൂളിൽ പറഞ്ഞ 12 സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന മണ്ണുത്തി കാമ്പസിൽ സ്ഥലപരിമിതിയുണ്ട്. ഹോസ്റ്റൽ, ലാബ് തുടങ്ങിയ അനുബന്ധ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. സ്ഥാപനങ്ങളെല്ലാം മണ്ണുത്തി കാമ്പസിലായതിനാൽ പുറത്ത് സ്ഥലം കിട്ടിയിട്ട് കാര്യമില്ല. അതേസമയം, ജൈവവൈവിധ്യം കാർഷിക സർവകലാശാലയുടെ സ്ഥലത്തേക്ക് മാറ്റാൻ നിശ്ചിത സമയം അനുവദിക്കാമെന്നും വി.സി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.