ദിവസവും നേരം വെളുത്താൽ റോഡും ടൗണും അടിച്ചു വാരി നീറ്റാക്കും സുനീറ്റ് റഹ്മാൻ
text_fieldsപഴയന്നൂർ ടൗണിൽ റോഡരിക് ശുചീകരിക്കുന്ന സുനിത് റഹ്മാൻ
പഴയന്നൂർ: സമയം പുലർച്ച 4.30. ചൂലും കൊട്ടയും മാലിന്യബാസ്കറ്റുമായി നീണ്ടുമെലിഞ്ഞ ആ മനുഷ്യൻ ജോലി തുടങ്ങും. രണ്ടര മണിക്കൂറോളം പാതയോരവും പള്ളിയങ്കണവും അടിച്ചുവൃത്തിയാക്കും. നേരം വെളുത്തു തുടങ്ങുന്നതോടെ പഴയന്നൂർ ടൗണിലെ സംസ്ഥാനപാതയും ബദരിയ ജുമാമസ്ജിദ് അങ്കണവും വൃത്തിയോടെ തിളങ്ങും. അതോടെ ശുചീകരണം അവസാനിപ്പിച്ച് അദ്ദേഹം സംരംഭങ്ങളുടെയും സന്നദ്ധപ്രവർത്തനങ്ങളുടെയും തിരക്കുകളിലേക്കു കടക്കും.
പഴയന്നൂരിലെ പ്രമുഖ സ്ഥാപനമായ റംല സൂപ്പർ മാർക്കറ്റ് ഉടമയും റൂട്ട്സ് വാലി ഇൻറർനാഷനൽ സ്കൂളിന്റെ ഉടമകളിലൊരാളുമായ സുനിത് റഹ്മാൻ (56) ആണ് റോഡരികും പള്ളിയങ്കണവും വൃത്തിയാക്കുന്ന ഈ മനുഷ്യൻ. പത്തു വർഷമായി ഈ ദൗത്യം തുടരുകയാണ് ഇദ്ദേഹം. എല്ലാ ദിവസവും പുലർച്ച നാലിന് ഉണരും. 4.30ഓടെ ചൂൽ അടക്കം സാമഗ്രികളുമായി റോഡിലെത്തും. സംസ്ഥാനപാതയും പള്ളിയങ്കണവും വൃത്തിയാക്കൽ പൂർത്തിയാകുമ്പോഴേക്കും രാവിലെ ഏഴാകും. ഏതു കാലാവസ്ഥയിലും ശുചീകരണ ജോലി മുടക്കാറില്ല. പിന്നീടാണ് സ്ഥാപനത്തിലെത്തുക. ബദരിയ ജുമാ മസ്ജിദ് പ്രസിഡന്റുകൂടിയാണ് ഇദ്ദേഹം.
സമ്പാദ്യത്തിന്റെ നല്ലൊരു ശതമാനവും സുനിത് റഹ്മാന് അശരണർക്കും രോഗികൾക്കുമായി മാറ്റിവെക്കുന്നു. ഇതിനായി പള്ളികമ്മിറ്റിയുടെ നേതൃത്വത്തിൽ റഹ്മ റിലീഫ് എന്ന കൂട്ടായ്മ രൂപവത്കരിച്ചിട്ടുണ്ട്. മാസംതോറും 50 പേർക്ക് ഭക്ഷ്യക്കിറ്റ് റഹ്മ റിലീഫ് നൽകുന്നു. അതോടൊപ്പം നിർധനരായ കിടപ്പാടമില്ലാത്തവർക്ക് വർഷത്തിൽ ഒരു വീട് നിർമിച്ചുനൽകുന്നു. അർഹരായവരെ വെറുംകൈയോടെ മടക്കാറില്ല.
പിതാവ് തുടങ്ങിയ പലചരക്കുകട അദ്ദേഹത്തിന്റെ മരണത്തോടെ സുനിത് ഏറ്റെടുക്കുകയായിരുന്നു. പിന്നീടത് നൂറിലധികം തൊഴിലാളികൾ ജോലിചെയ്യുന്ന റംല സൂപ്പർ മാർക്കറ്റ് എന്ന നിലയിലേക്കു വളർന്നു. സ്ഥാപനത്തിന്റെ വളർച്ചയിൽ നാട്ടിലെ ജനങ്ങളുടെ പങ്ക് തിരിച്ചറിഞ്ഞാണ് സുനിത് സമ്പാദ്യത്തിന്റെ നല്ലൊരു ശതമാനം നാട്ടിലെ അശരണർക്കായി നീക്കിവെക്കുന്നത്. ജീവനക്കാരുടെ വിഷമഘട്ടത്തിലും അവർക്ക് താങ്ങായി ഇദ്ദേഹമുണ്ടാകാറുണ്ട്. എല്ലാ കാര്യങ്ങൾക്കും പിന്തുണയുമായി ഭാര്യ നിഷ, മക്കളായ റീമ, നീമ, സഹോദരൻ റഹൂഫ് എന്നിവരും ഒപ്പമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.