പെൺകുട്ടിക്കുനേരെ അതിക്രമം; പുഴയിൽ ചാടിയ പ്രതിയെ നാട്ടുകാർ പിടികൂടി
text_fieldsആമ്പല്ലൂർ: മണലി മടവാക്കര റോഡിൽ പട്ടാപ്പകൽ പെൺകുട്ടിക്ക് നേരെ യുവാവിന്റെ അതിക്രമം. തുടർന്ന് മണലി പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ദേശീയപാത മണലി പാലത്തിന് സമീപം മടവാക്കരയിലേക്ക് നടന്നുപോയ പെൺകുട്ടിയെ അപരിചിതനായ യുവാവ് കടന്ന് പിടിക്കാൻ ശ്രമിക്കുകയായിരുന്നു. വായ് പൊത്തിപ്പിടിച്ചതോടെ കൈയിൽ കടിച്ച് പെൺകുട്ടി ഒച്ചവെച്ചു. കുതറിയോടിയ പെൺകുട്ടി തൊട്ടടുത്ത ചായക്കടയിലേക്കാണ് ഓടിയെത്തിയത്. ചായക്കടയിലെ സ്ത്രീ തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി. ഇതോടെ പ്രതി മണലി പുഴയിലേക്ക് ചാടുകയായിരുന്നു. ഉടൻ നാട്ടുകാർ പുഴയിലേക്ക് ചാടി പ്രതിയെ പിടികൂടി.
തുടർന്ന് പ്രതിയെ ഈ വഴിയെത്തിയ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് സംഘത്തിന് കൈമാറി. പിന്നീട് പ്രതിയെ പുതുക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കർണാടക സ്വദേശിയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

