അപ്പുക്കുട്ടേട്ടൻ യാത്രയായി; ഓർമക്കായി യാത്രകളിൽ കൂട്ടായ അംബാസഡർ കാർ
text_fieldsചെറുതുരുത്തി: കഴിഞ്ഞ ദിവസം അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് കെ.പി. രാധാകൃഷ്ണൻ എന്ന അപ്പുക്കുട്ടേട്ടന്റെ ഭൗതികകശരീരം കൊണ്ടുപോയ അവസാന യാത്രയിലും പ്രിയപ്പെട്ട അംബാസഡർ കാർ അനുഗമിച്ചത് കണ്ടുനിന്നവർക്ക് കണ്ണീർ കാഴ്ചയായി. തിരുവില്വാമല ഐവർമഠത്തിലേക്ക് ആംബുലൻസിൽ മൃതദേഹം കൊണ്ടുപോകുമ്പോൾ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട KLP 2392 നമ്പർ കറുത്ത അംബാസഡർ കാറും മുന്നിലുണ്ടായിരുന്നു. അപ്പുക്കുട്ടേട്ടൻ യാത്രയാകുന്നു എന്ന് എഴുതിയ ഫോട്ടോ വെച്ച സ്റ്റിക്കറും കാറിന്റെ ഗ്ലാസിൽ ഉണ്ടായിരുന്നു. മൃതദേഹം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങുമ്പോൾ കാറും അവിടെയുണ്ടായിരുന്നു. മക്കളുടെയും ബന്ധുക്കളുടെയും സ്നേഹിതരുടെയും വലിയ ആഗ്രഹമാണ് അന്ത്യയാത്രയിൽ കാർ കൂടി അനുഗമിക്കണമെന്നത്. അപ്പുക്കുട്ടേട്ടൻ വിട പറഞ്ഞെങ്കിലും കാർ എന്നും നിധി പോലെ സൂക്ഷിക്കണമെന്ന് അദ്ദേഹം മക്കളോടും സഹധർമിണിയോടും പറഞ്ഞിരുന്നു. കാറിനും കുറേ കഥകൾ പറയാനുണ്ട് ഈ ഗ്രാമവാസികൾക്ക്. 20ാം വയസ്സിൽ ചെറുതുരുത്തിയിൽ ടാക്സി ഡ്രൈവറായി അപ്പുക്കുട്ടേട്ടൻ എത്തിയ അന്നുമുതൽ തുടങ്ങിയതാണ് കാറുമായുള്ള കൂട്ടുകെട്ട്. 6500 രൂപക്കാണ് വാടാനാംകുറുശ്ശിയിൽനിന്ന് കാർ വാങ്ങിയത്. അന്നുമുതൽ ഈ കാറിൽ കയറാത്ത സി.പി.എം നേതാക്കൾ ഇല്ല.
ജുബ്ബാൻഖാന്റെയും അപ്പുക്കുട്ടേട്ടന്റെയും കാറുകൾ മാത്രമേ ചെറുതുരുത്തിയിൽ അന്നുണ്ടായിരുന്നുള്ളൂ. നാട്ടുകാർക്ക് അസുഖം വന്നാൽ ഓട്ടുപാറ ഗവൺമെൻറ് ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളജിലും പോകാൻ ഇദ്ദേഹത്തിന്റെ കാറായിരുന്നു ആശ്രയം. രോഗിയുടെ ബന്ധുക്കൾക്ക് എന്താവശ്യമുണ്ടെങ്കിലും അത് ശരിയാക്കി കൊടുത്തതിനുശേഷമേ അപ്പുക്കുട്ടേട്ടൻ കാറുമായി തിരിച്ച് നാട്ടിലേക്ക് വരൂ. ചിലപ്പോൾ കാറിൽ കൊണ്ടുപോയ രോഗിയുടെ മൃതദേഹമായിരിക്കും തിരികെ കൊണ്ടുവരിക. അന്ന് ആംബുലൻസും മറ്റു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. നൂറുകണക്കിന് മൃതദേഹങ്ങൾ ഈ കാറിൽ കൊണ്ടുവന്നിട്ടുണ്ട്.
അപ്പുക്കുട്ടേട്ടന്റെ ഭൗതികശരീരം ചെറുതുരുത്തിയിൽ പെതുദർശനത്തിന് വെച്ചപ്പോൾ ഇതുവരെ ഈ ഗ്രാമം കാണാത്ത തരത്തിൽ ആയിരക്കണക്കിന് സ്ത്രീകൾ അടക്കം ഒഴുകിയെത്തിയത് അദ്ദേഹത്തിന്റെ സേവനമനസ്കതക്കുള്ള അംഗീകാരമായിരുന്നു. ഒരുകാലത്ത് പൊലീസ് സ്റ്റേഷനിൽ സാധാരണക്കാർ പോയിരുന്നത് അപ്പുക്കുട്ടേട്ടനെ കൂട്ടിയായിരുന്നു. സ്റ്റേഷനിലും അദ്ദേഹത്തിന് വളരെയധികം സ്വീകാര്യതയായിരുന്നു. ഓണം വന്നാൽ സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥർക്കും ഭക്ഷണം ഇദ്ദേഹത്തിന്റെ വകയായിരുന്നു. ഫുട്ബാൾ കളിയെ ഇഷ്ടപ്പെടുന്ന ഇദ്ദേഹം ചെറുതുരുത്തിയിൽ ബ്രദേഴ്സ് ടീം എന്ന ഫുട്ബാൾ ടീമും കൊണ്ടുവന്നു. ഇപ്പോഴും ആ ടീം ചെറുതുരുത്തിയിൽ തലമുറകളായി പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

