കൈക്കൂലി വാങ്ങൽ മനോരോഗ തലത്തിലെത്തിയെന്ന് റിപ്പോർട്ട്
text_fieldsപാലക്കാട്: കൈക്കൂലി അവകാശമായി കാണുന്ന സമീപനമായിരുന്നു പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ്കുമാറിനെന്ന് പിരിച്ചുവിടൽ ഉത്തരവിൽ റവന്യൂ വകുപ്പ്. കൈക്കൂലി വാങ്ങുകയെന്നത് സുരേഷ്കുമാറിന് മനോരോഗ തലത്തിലേക്ക് എത്തിയെന്ന് ബോധ്യപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥനും വിലയിരുത്തി. തിരുവനന്തപുരം മലയൻകീഴ് സ്വദേശിയായ സുരേഷ്കുമാറിന്, താൻ നിരപരാധിയാണെന്ന് വാദിക്കാനല്ലാതെ അത് തെളിയിക്കാൻതക്ക വസ്തുതകൾ ബോധിപ്പിക്കാനായില്ലെന്നും പിരിച്ചുവിടൽ ഉത്തരവിൽ പറയുന്നു.
‘‘രാവിലെ മുതൽ ഉച്ചവരെ സഹപ്രവർത്തകരോടോ ഓഫിസിൽ വരുന്ന നാട്ടുകാരോടോ മിണ്ടാതെ ദുരൂഹമൗനം പാലിക്കും. ലൊക്കേഷൻ സ്കെച്ച്, കൈവശാവകാശ സർട്ടിഫിക്കറ്റ് എന്നിവക്കുള്ള അപേക്ഷകൾ മാത്രം പരിഗണിക്കും. അപേക്ഷകരോട് നേരിട്ടുതന്നെ കൈക്കൂലി ആവശ്യപ്പെടും.’’ -റവന്യൂ വകുപ്പ് അണ്ടർ സെക്രട്ടറി ചൂണ്ടിക്കാട്ടി.
സുരേഷ്കുമാർ കൈക്കൂലി പണം വിനിയോഗിക്കുകപോലും ചെയ്യാതെ കൂട്ടിവെക്കുകയായിരുന്നു. മുറിയിൽനിന്ന് 35 ലക്ഷം രൂപയും 17 കിലോ നാണയങ്ങളും പിടികൂടിയിരുന്നു. കൂടാതെ, 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിന്റെയും 25 ലക്ഷം രൂപയുടെ സേവിങ്സ് അക്കൗണ്ടിന്റെയും രേഖകളുമുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.