സ്ലോവാക്യയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയയാൾക്കെതിരെ കേസ്
text_fieldsവടക്കാഞ്ചേരി: സ്ലോവാക്യയിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് മൂന്ന് യുവാക്കളായ ഉദ്യോഗാർഥികളിൽനിന്ന് ലക്ഷക്കണക്കിന് രൂപ വാങ്ങി വഞ്ചിച്ച കേസിൽ കോട്ടയം മുണ്ടക്കയം സ്വദേശിയായ അനീഷ് ഉമ്മറിനെതിരെ വടക്കാഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
സ്ലോവാക്യയിലെ കാർ മാനുഫാക്ചറിങ് കമ്പനിയിലെ വെയർഹൗസിൽ ജോലി ശരിയാക്കിത്തരാം എന്നു പറഞ്ഞാണ് പ്രതി തട്ടിപ്പ് നടത്തിയത്. മുള്ളൂർക്കര സ്വദേശികളായ മൂന്ന് യുവാക്കളിൽ നിന്നായി പലപ്പോഴായി എട്ട് ലക്ഷത്തി നാൽപ്പത്തിമൂവായിരം രൂപ പ്രതി തട്ടിയെടുത്തു എന്നാണ് പരാതി.
പ്രതിയുടെ ഫെഡറൽ ബാങ്ക് മുണ്ടക്കയം ബ്രാഞ്ചിലെ അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. യുവാക്കളിൽ നിന്ന് യഥാക്രമം 93,000 രൂപയും, 3,50,000 രൂപയും, 3,00,000 രൂപയുമാണ് പ്രതി വാങ്ങിയത്. കൂടാതെ വേറെയും പണം വാങ്ങി.
എന്നാൽ, പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി നൽകുകയോ വാങ്ങിയ തുക തിരികെ നൽകുകയോ ചെയ്യാതെ വന്നതോടെയാണ് യുവാക്കൾ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം വഞ്ചനാക്കുറ്റത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

