തകർന്ന മേൽക്കൂരക്ക് താഴെ ഉറക്കം നഷ്ടപ്പെട്ട് കുടുംബം
text_fieldsമേൽക്കൂര തകർന്ന വീടിന് താഴെ ഗൃഹനാഥൻ സുനി
ചാലക്കുടി: അറ്റകുറ്റപ്പണിക്ക് സഹായം ലഭിക്കാതെ മേൽക്കൂര തകർന്ന വീട്ടിൽ ഉറക്കം നഷ്ടപ്പെട്ട് ഒരു കുടുംബം. ചാലക്കുടി നഗരസഭ അഞ്ചാം വാർഡ് പനമ്പിള്ളി കോളജ് വാർഡിൽ പറമ്പിക്കാട്ടിൽ സുനിയും കുടുംബവുമാണ് ദുരിതത്തിലായത്. ജീർണിച്ച മേൽക്കൂര വേനൽമഴയെ തുടർന്ന് അലങ്കോലമാവുകയും ചൊവ്വാഴ്ച രാവിലെ കാറ്റത്ത് തകർന്നു വീഴുകയുമായിരുന്നു.
സുനിയുടെ അമ്മയും ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം നിസ്സഹായതയിലാണ്. ഗൾഫിൽ ജോലി ചെയ്തിരുന്ന സുനി തൊഴിൽ നഷ്ടപ്പെട്ട് കഴിഞ്ഞ അഞ്ച് വർഷമായി നാട്ടിൽ പെയിന്റിങ് പണി ചെയ്ത് ജീവിച്ചുവരികയാണ്. വീടിന്റെ മേൽക്കൂര ജീർണജച്ചതിനാൽ അറ്റകുറ്റപ്പണികൾക്ക് നഗരസഭയിൽ അപേക്ഷിച്ചിരുന്നു. എന്നാൽ, സഹായം ലഭിച്ചില്ല. പല തവണ വാർഡ് സഭയിൽ മെയിന്റനൻസ് ഫണ്ടിന് അപേക്ഷിച്ചെങ്കിലും കിട്ടിയില്ല.
തുടർന്ന് കലക്ടർക്ക് പരാതി നൽകിയതിനെ തുടർന്ന് കലക്ടറേറ്റിലെ ഉദ്യോഗസ്ഥർ വന്ന് പരിശോധിച്ചിരുന്നു. എന്നാൽ തറയിലെ ടൈൽസ് കണ്ട് ധനാഢ്യനാണെന്നും ഗൾഫ് പണക്കാരനാണെന്നും വിധിയെഴുതി അവർ പോവുകയായിരുന്നു. ഇതിനെ തുടർന്ന് സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ക്ലബുകാരെ സമീപിച്ചുവെങ്കിലും കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ച് വീടിന് മുന്നിൽ അംഗങ്ങൾ നിൽക്കുന്ന ഫോട്ടോ തന്നാലേ സഹായത്തെ കുറിച്ച് ആലോചിക്കാനാവുവെന്ന മറുപടിയാണ് ലഭിച്ചതെന്ന് പറയുന്നു.
സഹായം തേടിയുള്ള പാച്ചിലിനിടെ ഒടുവിൽ വീടിന്റെ മേൽക്കൂര തകർന്നു വീണതോടെ ഇവർ വിഷമാവസ്ഥയിലാണ്. വീടിന് മുകളിൽ ഷീറ്റ് വലിച്ച് കെട്ടി അന്തിയുറങ്ങാനാണ് നിരാലംബരായ ഈ കുടുംബം ശ്രമിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.