പോട്ടയിൽ വീണ്ടും കത്തി കാട്ടി കവർച്ച; പ്രതിയെ കൈയോടെ പിടികൂടി
text_fieldsബൈജു
ചാലക്കുടി: പോട്ടയിൽ കത്തികാട്ടി കാറിൽനിന്ന് പണം തട്ടിയ കേസിൽ പ്രതിയെ പൊലീസ് കൈയോടെ പിടികൂടി. പോട്ട സ്വദേശി തോട്ടപറമ്പൻ ബൈജുവിനെയാണ് (49) ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. പശുവിനെ വിറ്റുകിട്ടിയ പണവുമായി കാറിൽവന്ന പോട്ട സ്വദേശിയായ പീതാംബരന്റെ പണമാണ് ഇയാൾ തട്ടിയെടുത്തത്.
പശുക്കൾക്ക് കാലിത്തീറ്റ വാങ്ങിക്കുന്നതിനായി ചാലക്കുടി പോട്ട ഫ്ലൈ ഓവറിനടുത്ത് കാർ പാർക്ക് ചെയ്ത സമയം ഇയാൾ പെട്ടെന്ന് കാറിനുള്ളിലേക്ക് അതിക്രമിച്ച് കടന്ന് പീതാംബരന്റെ കഴുത്തിൽ കത്തിവെച്ച് അനങ്ങിപ്പോയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
തുടർന്ന് കാറിന്റെ ഡാഷ് ബോർഡ് പൊട്ടിച്ച് അതിനകത്ത് പശുവിനെ വിറ്റ വകയിൽ സൂക്ഷിച്ചിരുന്ന 25,500 രൂപ കവർച്ച ചെയ്യുകയായിരുന്നു. ചാലക്കുടി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. സജീവ്, സബ് ഇൻസ്പെക്ടർമാരായ എൻ. പ്രദീപ്, ഇ.ആർ. സിജു മോൻ, ജോഫി ജോസ്, ഉണ്ണികൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബൈജു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
ബൈജുവിന്റെ പേരിൽ ചാലക്കുടിയിൽ 2003, 2006 വർഷങ്ങളിൽ കവർച്ചക്കേസും 2004 വർഷത്തിൽ രണ്ട് മോഷണക്കേസുകളും 2004, 2005 വർഷങ്ങളിൽ ഓരോ അടിപിടി കേസും അടക്കം ആറ് ക്രിമിനൽ കേസുകളും ഉള്ളതായി പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.