ദേശീയപാതയിൽ ഗതാഗതക്കുരുക്ക്; വാഹനങ്ങൾ നിരന്നത് അങ്കമാലി മുതൽ കൊടകര വരെ
text_fieldsദേശീയ പാതയിൽ ചാലക്കുടി സൗത്ത് മേൽപാലത്തിന്റെ പരിസരത്തെ ഗതാഗതക്കുരുക്ക്
ചാലക്കുടി: കുരുക്ക് വിട്ടുമാറാതെ ദേശീയ പാത 544. മഴ വീണ്ടും സജീവമായതോടെ വർധിച്ച ദേശീയപാതയിലെ കുരുക്ക് യാത്രക്കാർക്ക് ദുരിതമായി. വ്യാഴാഴ്ച പുലർച്ച ആരംഭിച്ച ഗതാഗതക്കുരുക്ക് തെക്കുനിന്ന് അങ്കമാലി മുതൽ പൊങ്ങം ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ, ചാലക്കുടിയും പിന്നിട്ട് കൊടകര വരെ നീണ്ടു. അടിപ്പാതയുടെ മേലെയും താഴെയുമായി രണ്ട് തട്ടായി വാഹനങ്ങൾ കുരുങ്ങികിടന്നു.
ഉപറോഡുകളും ഇതിനെ തുടർന്ന് സമ്മർദ്ദത്തിലായി. രോഗികളെയും കൊണ്ടു പോകുന്ന ആംബുലൻസുകളും കുടുങ്ങി. രാവിലെയാണ് പലപ്പോഴും കുരുക്കുകൾ രൂപം കൊള്ളുന്നത്. അതിനാൽ സമയത്തിന് എത്തണമെങ്കിൽ ദേശീയ പാത ചാലക്കുടി ഭാഗത്തു കൂടെ പോകുന്നവർ രണ്ടു മണിക്കൂർ നേരത്തെ പുറപ്പെടേണ്ട അവസ്ഥയാണ്. അടിപ്പാത നിർമാണം തീരുന്നതുവരെ അവസ്ഥ തുടരുമോയെന്ന ആശങ്കയാണ്.
അതേ സമയം ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ തുടങ്ങിയ സ്ഥലങ്ങളിലെ അടിപ്പാതകളുടെ നിർമാണ പുരോഗതി മന്ദഗതിയിലാണ്. ബദൽ മാർഗത്തിലൂടെ തിരിച്ചു വിടാൻ പുലർച്ചെ ജീവനക്കാർ ഇല്ലെന്നതാണ് പ്രധാന പ്രശ്നം. വഴിതിരിച്ചുവിടുന്ന ദിശാബോർഡുകൾ ഉണ്ടെങ്കിലും പലരും ശ്രദ്ധിക്കുന്നില്ല. ഓണം അടുത്തതിനാൽ വരും ദിവസങ്ങൾ ദേശീയപാത 544 ഗതാഗതക്കുരുക്കിനാൽ കൂടുതൽ ദുരിതമയമാകുമെന്നാണ് ആശങ്ക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.