ട്രാംവെ-റെയിൽവേ സ്റ്റേഷൻ ബൈപാസ് റോഡ് നിർമാണം ആരംഭിച്ചു
text_fieldsട്രാംവെ-റെയിൽവേ സ്റ്റേഷൻ ബൈപാസ് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു
ചാലക്കുടി: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് നഗരസഭ വിഭാവനം ചെയ്ത ട്രാംവെ-റെയിൽവേ സ്റ്റേഷൻ ബൈപാസ് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആനമല ജങ്ഷൻ മുതൽ നോർത്ത് ജങ്ഷൻ വരെ പഴയ ദേശീയപാതയിലെ ഗതാഗതക്കുരുക്കും യാത്രാക്ലേശവും പരിഹരിക്കുന്നതിനുള്ള ശാശ്വത പദ്ധതിയായിട്ടാണ് ബൈപാസ് റോഡിന്റെ നിർമാണത്തിനുള്ള പ്രവർത്തനങ്ങൾ നഗരസഭ ആരംഭിച്ചത്. ട്രാംവെ റോഡിൽനിന്ന് ഇൻഡോർ സ്റ്റേഡിയത്തിന്റെ സമീപത്തുകൂടെ റെയിൽവേ സ്റ്റേഷൻ റോഡിൽ എത്തിച്ചേരും വിധമാണ് ബൈപാസ് റോഡ് നിർമിക്കുന്നത്.
ഊക്കൻ മാർട്ടിൻ, വക്കച്ചൻ എന്നിവരുടെ കുടുംബമാണ് 70 സെന്റ് ഭൂമി നഗരസഭക്ക് സൗജന്യമായി വിട്ട് നൽകിയത്. ഡിപ്പാർട്ട്മെന്റ് തലത്തിലും സർക്കാറിലും നിരന്തരമായി ഇടപെട്ടതിന് ശേഷമാണ് മാസങ്ങൾക്ക് മുമ്പ് ഭൂമി തരം മാറ്റി അനുമതി ലഭിച്ചത്. തുടർന്ന് ആദ്യഘട്ടം നിർമാണത്തിന് 40 ലക്ഷം രൂപ നഗരസഭ വകയിരുത്തി. തുടർനിർമാണ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നതിന് എം.എൽ.എയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ആനമല ജങ്ഷൻ മുതൽ ട്രങ്ക് റോഡ് ജങ്ഷൻ വരെയുള്ള പഴയ ദേശീയപാതയിലെ ഗതാഗതകുരുക്ക് കാരണം മാള-പടിഞ്ഞാറെ ചാലക്കുടി ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അടിപ്പാത കടന്ന് സർവിസ് റോഡിലൂടെയാണ് സർവിസ് നടത്തുന്നത്. പുതിയ റോഡ് പൂർത്തിയാകുന്നതോടെ സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള മുഴുവൻ വാഹനങ്ങൾക്കും ഈ റോഡിലൂടെ നോർത്ത് ജങ്ഷനിൽ എത്തി സുഗമമായി പോകാനാവും.
നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ നഗരസ ചെയർമാൻ ഷിബു വാലപ്പൻ, വികസനകാര്യ സ്റ്റാൻഡിങ് മ്മിറ്റി ചെയർമാൻ കെ.വി. പോൾ, പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. ബിജു എസ്. ചിറയത്ത്, മുൻ ചെയർപേഴ്സൻ എബി ജോർജ്, വാർഡ് കൗൺസിലർമാരായ നീത പോൾ, ജോർജ് തോമസ്, നഗരസഭക്ക് സ്ഥലം സൗജന്യമായി നൽകിയ മാർട്ടിൻ ഊക്കൻ എന്നിവർ സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

