ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിലും ബഹളം; ചക്കംകണ്ടം സമരച്ചൂടിലേക്ക്
text_fieldsചാവക്കാട്: ചക്കംകണ്ടം കായലിലേക്ക് ഗുരുവായൂരിലെ മനുഷ്യ വിസർജ്യം ഉൾപ്പെടെയുള്ള മാലിന്യം തള്ളുന്നതിനെതിരെ സമരമുഖം തുറന്ന് വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സംഘടനകൾ. ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിലും ബഹളം. വെള്ളിയാഴ്ച വെൽഫെയർ പാർട്ടി ഗുരുവായൂർ നഗരസഭയിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
യു.ഡി.എഫ് പാലയൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാത്രി 7.30നു നൈറ്റ് മാർച്ച് നടത്തും. ചക്കംകണ്ടം പാലയൂർ പരിസരത്ത് നിന്ന് ആരംഭിക്കുന്ന മാർച്ച് ചക്കംകണ്ടം ഗ്രാമം ചുറ്റി ചക്കനാത്ത് പറമ്പ് പരിസരത്ത് സമാപിക്കും. ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ചാവക്കാട് പൗരാവകാശ വേദിയുടെയും താലൂക്ക് പൗരസമിതിയുടെയും നേതൃത്വത്തിൽ ചക്കംകണ്ടത്ത് പ്രതിഷേധ യോഗം നടക്കും.ഗുരുവായൂരിൽ നിന്ന് ടാങ്കർ ലോറിയിൽ മാലിന്യം നിറച്ചു കൊണ്ടുവന്ന് പ്രവർത്തന രഹിതമായ ചക്കംകണ്ടം സീവേജ് പ്ലാന്റിൽ തള്ളാനുള്ള ഗുരുവായൂർ മുനിസിപ്പാലിറ്റി കൗൺസിൽ തീരുമാനത്തിനെതിരെ ചാവക്കാട് നഗരസഭ കൗൺസിലർമാരായ സുപ്രിയ രാമചന്ദ്രൻ, ജോയ്സി എന്നിവർ നൽകിയ പ്രമേയം വ്യാഴാഴ്ച ചേർന്ന ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ ചർച്ചക്കെടുക്കാൻ തയാറായില്ല.
തുടർന്ന് യു.ഡി.എഫ് കൗൺസിലർമാർ നടുത്തളത്തിൽ ഇറങ്ങി കൗൺസിൽ നടപടികൾ തടഞ്ഞു. ചക്കംകണ്ടത്തെ മാലിന്യ ദുരിതം പേറുന്ന ചാവക്കാട് നഗരസഭയിലേ 13, 14 വാർഡുകളിലെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ നടപടികൾ ആവശ്യപ്പെട്ട് കൊണ്ടായിരുന്നു പ്രമേയം. ഏറെ അടിയന്തര പ്രാധാന്യം അർഹിക്കുന്ന ജനകീയ വിഷയത്തിൽ ചർച്ചക്ക് പോലും തയാറാകാതെ കൗൺസിൽ പിരിച്ചുവിട്ടത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സീവേജ് പ്ലാന്റിന്റെ മറവിൽ നടന്ന ലക്ഷങ്ങളുടെ അഴിമതി മറച്ചുവെക്കാനുള്ള ശ്രമമാണ് ഇതിലൂടെ പുറത്ത് വരുന്നതെന്നും ചാവക്കാട് നഗരസഭ കൗൺസിൽ യു.ഡി.എഫ് നേതാവ് കെ.വി. സത്താർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.