തീരക്കടലിൽ ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം; അരലക്ഷം രൂപ പിഴ
text_fieldsതീരക്കടലിൽ ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ട് മുനക്കക്കടവ് പൊലീസ് പിടികൂടി ഹാർബറിലെത്തിച്ചപ്പോൾ
ചാവക്കാട്: തീരക്കടലിൽ ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ട് പിടികൂടി 50,000 രൂപ പിഴ ചുമത്തി. പിടിച്ചെടുത്തത് 10 വർഷമായി ലൈസൻസ് പുതുക്കാതെ കരയോട് ചേർന്ന് മത്സ്യബന്ധനം നടത്തുന്ന ബോട്ട്. കടൽക്ഷമതയില്ലാത്ത ബോട്ട് ഇനി മത്സ്യബന്ധനത്തിന് ഉപയോഗിക്കില്ലെന്ന വ്യവസ്ഥയിൽ ഉടമസ്ഥന് വിട്ടുകൊടുത്തു.
കടപ്പുറം മുനക്കകടവ് പള്ളിവളപ്പിൽ വീട്ടിൽ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള ‘ഓസ്പ്ര’ എന്ന മത്സ്യബന്ധന ബോട്ടാണ് സുരക്ഷ മുനക്കക്കടവ് തീര പൊലീസ് പിടികൂടിയത്.
തൊട്ടാപ്പ് ലൈറ്റ് ഹൗസ് ഭാഗത്ത് തീരത്തോട് ചേർന്നാണ് ഇവർ അനധികൃതമായി ‘കരവലി’ നടത്തിയത്. പിടികൂടിയ ശേഷം കൂടുതൽ ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് സംഘത്തിന് കൈമാറുകയായിരുന്നു.
ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നിയമ നടപടികൾ പൂർത്തിയാക്കിയാണ് 50000 പിഴ ഈടാക്കിയത്. കൂടാതെ ബോട്ടിലെ മത്സ്യം പിടിച്ചെടുത്ത് വിറ്റ വകയിൽ ലഭിച്ച 2600 രൂപയും ട്രഷറിയിൽ അടച്ചു.
നിശ്ചിത ദൂരപരിധി ലംഘിച്ചുള്ള കരവലി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിരോധിച്ച മത്സ്യബന്ധന രീതിയാണ്. ഇത് ലംഘിച്ച് അതിഥി തൊഴിലാളികളെയും ഇതര ജില്ലക്കാരെയും ഉപയോഗപ്പെടുത്തിയാണ് തീരക്കടലിൽ മത്സ്യബന്ധനം നടത്തുന്നത്. കേരള മറൈൻ ഫിഷിങ് റഗുലേഷൻ (കെ.എം.എഫ്.ആർ) നിയമം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ ലൈസൻസ് റദ്ദാക്കൽ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ മജീദ് പോത്തനൂരാൻ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.