പോത്തൻവല ഉപയോഗിച്ച് കടൽ കലക്കി മത്സ്യംപിടിച്ച നാല് വള്ളങ്ങൾ പിടിയിൽ
text_fieldsപഞ്ചവടി കടലിൽനിന്ന് പിടിച്ചെടുത്ത വള്ളത്തിൽ ഉണ്ടായിരുന്ന ചെമ്മീൻ ലേലം ചെയ്യുന്നു
ചാവക്കാട്: പരമ്പരാഗത വള്ളക്കാർ എന്ന വ്യാജേന പഞ്ചവടി ബീച്ച് തീരക്കടലിൽ മത്സ്യസമ്പത്തിന് വിനാശം വിതയ്ക്കുന്ന പോത്തൻ വലകൾ (ഡബിൾ നെറ്റ്) ഉപയോഗിച്ച് അടിയൂറ്റൽ മത്സ്യബന്ധനം നടത്തിയ നാല് മത്സ്യബന്ധന യാനങ്ങൾ ഫിഷറീസ്-മറൈൻ എൻഫോഴ്സ്മെന്റ് സംഘം പിടിച്ചെടുത്തു. സ്വകാര്യ ഫൈബർ വള്ളത്തിൽ എത്തിയ ഉദ്യോഗസ്ഥർ പെയർ ട്രോളിങ് നടത്തി വന്ന വള്ളങ്ങൾ നാടകീയമായി പിടികൂടുകയായിരുന്നു. ചാവക്കാട് അണ്ടത്തോട് സ്വദേശി മാമതിന്റെ ഉടമസ്ഥതയിലുള്ള ബദരിയ ഒന്ന്, രണ്ട് വള്ളങ്ങളും ചാവക്കാട് മണത്തല സ്വദേശി രമേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള രജിസ്ട്രേഷൻ നടത്താത്ത രണ്ട് വള്ളങ്ങളുമാണ് പിടിച്ചെടുത്തത്.
പുലർച്ച മുതൽ പഞ്ചവടി ബീച്ച് തീരക്കടലിൽ പോത്തൻ വലകൾ ഉപയോഗിച്ച് രണ്ട് വള്ളങ്ങൾ ചേർന്ന് പെയർ ട്രോളിങ് നടത്തുന്നതായി പരമ്പരാഗത നീട്ടു വഞ്ചിക്കാർ ഫിഷറീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് അഴിക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ സി. സീമയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പുലര്‍ച്ചെ മുതല്‍ കടലില്‍ നിരീക്ഷണം നടത്തുകയായിരുന്നു. വള്ളത്തിൽ ഉണ്ടായിരുന്ന ചെമ്മീൻ ലേലം ചെയ്തു കിട്ടിയ തുക സർക്കാറിലേക്ക് അടച്ചു. വള്ളങ്ങളുടെ ഉടമകൾക്കെതിരെ തൃശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നിയമ നടപടി പൂർത്തിയാക്കി പിഴ ചുമത്തും.
അഴീക്കോട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിങ് ഓഫിസർമാരായ വി.എൻ. പ്രശാന്ത് കുമാർ, വി.എം. ഷൈബു, സിവിൽ പൊലീസ് ഓഫിസർമാരായ ജോഷി, അവിനാശ്, ലൈഫ് ഗാർഡുമാരായ അജിത്ത്, കൃഷ്ണപ്രസാദ്, വിബിൻ സലീം, സ്രാങ്ക് റസാക്ക്, ഡ്രൈവർ അഷറഫ് എന്നിവരാണ് പ്രത്യേക പട്രോളിങ് ടീമിലുണ്ടായിരുന്നത്. കരവലി, രണ്ടു വള്ളങ്ങള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം, ഡബിള്‍ നെറ്റ് വലി അഥവാ പോത്തന് വലകള്‍ മത്സ്യബന്ധനത്തിനുപയോഗിക്കല്‍ തുടങ്ങിയവ നിരോധിച്ചിട്ടുണ്ടെന്നും നിരോധനം ലംഘിക്കുന്ന വള്ളങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും തൃശൂര്‍ ഫിഷറീസ് ഡെ. ഡയറക്ടര്‍ അബ്ദുൽമജീദ് പോത്തന്നൂരാൻ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.