വേതന വർധനയില്ല; ജോലിയെടുത്തത് കൂലി വാങ്ങാതെ
text_fieldsമുനക്കക്കടവ് ഫിഷ് ലാൻഡിങ് സെന്റർ
ചാവക്കാട്: തൊഴിലാളികളുടെ വേതന വർധനക്ക് മത്സ്യമൊത്ത കച്ചവടക്കാർ തയാറാകാത്തതിനാൽ വേതനം വാങ്ങാതെ പണിയെടുത്ത് മുനക്കകടവ് ഹാർബറിലെ കയറ്റിറക്ക് തൊഴിലാളികൾ. വേതന നിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 31ന് ഹാർബറിലെ തരകന്സ് കമ്മിറ്റി അംഗങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നു.
വേതനം കൂട്ടിയുള്ള കണക്ക് കാണിച്ച് ജനുവരി ഏഴു മതൽ പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചു. എന്നാൽ ഏഴാം തീയതി ഈ കണക്ക് പ്രകാരം മൊത്ത കച്ചവടക്കാർ തൊഴിലാളികൾക്ക് തുക നൽകിയെങ്കിലും തൊട്ടടുത്ത ദിവസം ഈ തുക നൽകാൻ സാധിക്കില്ല എന്ന് തൊഴിലാളികളെ അറിയിച്ചു.
ഹാർബറിൽ വെച്ച് മൊത്ത കച്ചവടക്കാരും തൊഴിലാളികളും തമ്മിൽ ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. തുടർന്നാണ് തൊഴിലാളികൾ വേതനം വാങ്ങിക്കാതെ പണിയെടുത്ത്. ഒരു പെട്ടി മീൻ പാക്കിങ്ക്, ലോഡിങ് ഉൾപ്പടെ ഇപ്പോൾ 60 രൂപയാണ് വാങ്ങിക്കുന്നത്. ഇത് 65 രൂപയാക്കണം എന്നാണ് തൊഴിലാളികളുടെ ആവശ്യം. നാല് വർഷത്തോളമായി 60 രൂപയാണ് വാങ്ങിക്കുന്നത്. തൊട്ടടുത്ത ചേറ്റുവ ഹാർബറിൽ ഇപ്പോൾ 65 രൂപയാണ് പ്രതിഫലം. തീരുമാനമാകാത്തതിനാൽ കഴിഞ്ഞ ദിവസം തങ്ങൾ ആവശ്യപ്പെട്ട നിരക്കിൽ തൊഴിലാളികൾ മൊത്തക്കച്ചവടക്കാർക്ക് ബില്ല് നൽകി. വർധനവ് അംഗീകരിക്കാൻ ആവില്ലെന്ന് കച്ചവടക്കാർ നിലപാടെടുത്തതോടെയാണ് വേതനം വാങ്ങാതെ തൊഴിലാളികൾ പണിയെടുത്തത്.
മുനക്കക്കടവ് ഹാർബറിൽ അഞ്ച് യൂനിയനുകളിലായി 40 ലധികം തൊഴിലാളികളാണുള്ളത്. വേതനം ഇല്ലാത്തതിനാൽ ഇവർ പ്രതിസന്ധിയിലാണ്. അധിക സമയം ജോലി ചെയ്യുമ്പോൾ അധിക വേതനം വാങ്ങിക്കാറില്ലെന്നും തൊഴിലാളികൾ പറഞ്ഞു. ചാവക്കാട് ലേബർ ഓഫിസർക്ക് തൊഴിലാളികൾ പരാതി അറിയിച്ചു.
ഹാർബറിൽ പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ വേതന വർധനവിൽ തീരുമാനമുണ്ടാകും വരെ വേതനം വാങ്ങേണ്ട എന്ന് തീരുമാനത്തിലാണ് തൊഴിലാളികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.