നഗരമധ്യത്തിൽ കൂട്ടിയിട്ട മരച്ചില്ലകൾ യാത്രക്കാർക്ക് ദുരിതമാകുന്നു
text_fieldsചാവക്കാട് താലൂക്ക് ഓഫിസിന് മുന്നിൽ നടപ്പാതയിലും റോഡിലുമായി കുന്നുകൂട്ടി കിടക്കുന്ന മരച്ചില്ലകൾ
ചാവക്കാട്: യാത്രക്കാർക്ക് തടസ്സമായി നഗരമധ്യത്തിൽ മരച്ചില്ലകൾ കൂട്ടിയിട്ട് ആഴ്ചകൾ പിന്നിട്ടു. ചാവക്കാട് മെയിൻ റോഡിൽ അപകടകരമായതെന്ന് കണ്ട മരക്കൊമ്പുകൾ രണ്ടാഴ്ച മുമ്പ് മുറിച്ച് മാറ്റിയിരുന്നു. വലിയ തടികൾ കരാറുകാർ കൊണ്ടുപോവുകയും ബാക്കി വന്ന മരച്ചില്ലകൾ റോഡരികിൽ കൂട്ടിയിടുകയും ചെയ്തു. അഞ്ചാം തീയതി കൂട്ടിയിട്ട ചില്ലകൾ നാളിതുവരെയായി നീക്കം ചെയ്യാൻ അധികൃതർ തയാറായിട്ടില്ല. ചാവക്കാടിന്റെ ചന്തം ചിത്ര രചനയിലൂടെ പ്രദർശിപ്പിച്ചിട്ടുള്ള ചാവക്കാട് താലൂക്ക് ഓഫിസിന്റെയും സബ് ജയിലിന്റെയും മുന്നിലാണ് ഈ അവസ്ഥയുള്ളത്.
ദിനം പ്രതി നൂറുകണക്കിനാളുകൾ നടന്നുപോകുന്ന തിരക്കേറിയതും സർക്കാർ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നതുമായ നഗര മധ്യത്തിലെ നടപ്പാതയിലും റോഡിലുമായാണ് ചില്ലകൾ കുന്നുകൂട്ടി കിടക്കുന്നത്. ചില്ലകൾ നീക്കം ചെയ്യാൻ ലേല നടപടികൾ ആരംഭിച്ചതായി ദിവസങ്ങൾക്കു മുമ്പ് ചാവക്കാട് തഹസിൽദാർ എം.കെ. കിഷോർ അറിയിച്ചിരുന്നെങ്കിലും നടപടിയെന്ന് ഉണ്ടയില്ല.
അടിയന്തരമായി ഇതിനൊരു പരിഹാരം ഉണ്ടാകണമെന്ന് മുസ്ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ഫൈസൽ കാണാമ്പുള്ളി, ജനറൽ സെക്രട്ടറി പി.എം. അനസ്, ഭാരവാഹികളായ ഹനീഫ് ചാവക്കാട്, കുഞ്ഞീൻ ഹാജി, കെ.എച്ച്. അബ്ദുൽ സത്താർ, അഷ്റഫ് ചാവക്കാട്, എൻ.കെ. റഹീം, ഫസൽ കരീം, ബാപ്പു ബ്ലാങ്ങാട് എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.