ചാവക്കാട് ബ്ലോക്കിൽ മൃഗ ചികിത്സ ഇനി രാത്രിയിലും
text_fieldsചാവക്കാട് ബ്ലോക്ക് മൊബൈൽ വെറ്ററിനറി യൂനിറ്റ് എൻ.കെ. അക്ബർ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു
ചാവക്കാട്: രാത്രികാല മൃഗ ചികിത്സ സേവനം ഇനി കർഷകരുടെ വീട്ടു പടിക്കൽ. മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിനായി ചാവക്കാട് ബ്ലോക്ക് പരിധിയിലുള്ള പ്രദേശങ്ങളിലേക്കായി മൊബൈൽ വെറ്ററിനറി യൂനിറ്റ് പ്രവർത്തനം ആരംഭിച്ചു. ചാവക്കാട് ബ്ലോക്കിലെ പുന്നയൂർ, പുന്നയൂർക്കുളം, വടക്കേക്കാട്, ഒരുമനയൂർ, കടപ്പുറം എന്നീ പഞ്ചായത്തുകളിലും ഗുരുവായൂർ, ചാവക്കാട് നഗരസഭാ പരിധിയിലേക്കുമായി പുതുതായി അനുവദിച്ച മൊബൈൽ വെറ്റിനറി യൂനിറ്റിന്റെ ഫ്ലാഗ് ഓഫ് എൻ.കെ. അക്ബർ എം.എൽ.എ നിർവഹിച്ചു.
നഗരസഭ ചെയർപേഴ്സൻ ഷിജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസകുട്ടി വലിയകത്ത് മുഖ്യാതിഥി ആയി. ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ബി. അജിത് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടി പറമ്പിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വി. സുരേന്ദ്രൻ, ജാസ്മിൻ ഷഹീർ, സ്വാലിഹ ഷൗകത്ത്, വിജിത സന്തോഷ്, നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക്ക്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.വി. ഷിബു, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസർ സി.എ. വർഗീസ്, തൃശൂർ നോഡൽ ഓഫിസർ എം.വി.യു. ഡോ. കെ.ആർ.അജയ് തുടങ്ങിയവർ സംസാരിച്ചു.
സീനിയർ വെറ്ററിനറി സർജൻ ഡോ. ജി. ഷർമിള സ്വാഗതവും വെറ്റിനറി സർജൻ ഡോ. കെ. വിവേക് നന്ദിയും പറഞ്ഞു. 962 എന്ന ടോൾ ഫ്രീ നമ്പറിലുള്ള കേന്ദ്രീകൃത കാൾ സെന്റർ സംവിധാനത്തിലൂടെയാണ് മൊബൈൽ വെറ്ററിനറി യൂനിറ്റിന്റെ സേവനം സാധ്യമാക്കുന്നത്. വൈകുന്നേരം ആറ് മുതൽ രാവിലെ അഞ്ചു വരെയാണ് ഇതിന്റെ പ്രവർത്തന സമയം. വെള്ളിയാഴ്ചകൾ അവധിയാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.