അപകടക്കെണിയൊരുക്കി ഭാരതപ്പുഴ; പുഴയുടെ ചതിക്കുഴികളിൽ ഒരു വർഷത്തിനിടെ 14 മുങ്ങിമരണം
text_fieldsഭാരതപ്പുഴ
ചെറുതുരുത്തി: വേനലവധി എത്തിയതോടെ ആയിരക്കണക്കിന് രക്ഷിതാക്കളും കുട്ടികളുമാണ് ഭാരതപ്പുഴ കാണാനും കുളിക്കാനുമായി തീരങ്ങളിലെത്തുന്നത്. എന്നാൽ ആഴങ്ങളിൽ ഏതുസമയത്തും ആപത്ത് സംഭവിക്കാം. പാഞ്ഞാൾ പഞ്ചായത്തിലെ പൈങ്കുളം മുതൽ ദേശമംഗലം വരെ ഒരു വർഷത്തിനുള്ളിൽ ഭാരതപ്പുഴയിലും കുളത്തിലും മുങ്ങിമരിച്ചത് 16 പേരാണ്. ഇതിൽ 14 പേരും ഭാരതപ്പുഴയിലാണ് മുങ്ങിമരിച്ചത്. പകുതിയോളം പേർ വിദ്യാർഥികളുമാണ്. പുഴയിലെ ചതിക്കുഴികളും അടിയൊഴുക്കുമാണ് ദുരന്തങ്ങൾക്ക് കാരണമാകുന്നത്. ചെറുതുരുത്തി കൊച്ചിൻ പാലത്തിന് സമീപമുള്ള ഭാരതപ്പുഴയിൽ തടയണ അടച്ചതിനെ തുടർന്ന് കിലോമീറ്ററാണ് വെള്ളം കെട്ടിനിൽക്കുന്നത്. വൈകുന്നേരങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് ഇവിടെ യാതൊരു സുരക്ഷയുമില്ലാതെ പുഴയിലിറങ്ങുന്നത്. വെള്ളത്തിലിറങ്ങുമ്പോൾ പുറമേ ശാന്തമായി തോന്നുമെങ്കിലും ഇറങ്ങിയാൽ പെട്ടെന്ന് നിലകിട്ടാതെ മുങ്ങിപ്പോകും.
രക്ഷിക്കാനിറങ്ങുന്നവരും അപകടത്തിൽപ്പെടും. ചെറുതുരുത്തി സ്വദേശിയായ കുടുംബത്തിലെ നാലുപേർ പൈങ്കുളത്ത് ഭാരതപ്പുഴ കാണാനായി എത്തിയതിന് തുടർന്നാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. അടുത്തദിവസം ദേശമംഗലത്തും യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു.അടിയൊഴുക്കുള്ള പുഴയിലെ ഭാഗത്ത് ചുഴികൾ രൂപപ്പെടും. പുഴയിലിറങ്ങുന്നവരെ ആഴത്തിലേക്ക് ഇത് വലിച്ചെടുക്കും. കൊച്ചിൻ പാലത്തിന് സമീപവും വിവിധ കടവുകളിലും അഗ്നിരക്ഷ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും ഇവ മുഖവിലക്കെടുക്കാറില്ല. കുട്ടികളുടെ മുങ്ങിമരണങ്ങൾ ഒഴിവാക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നീന്തൽ പരിശീലന പദ്ധതികൾ നടപ്പാക്കണമെന്ന് നിരവധി ആളുകളെ ഭാരതപ്പുഴയിൽ നിന്ന് രക്ഷപ്പെടുത്തിയ ലൈഫ് ഗാർഡ് നിഷാദ് വരവൂർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.