പാഞ്ഞാൾ പഞ്ചായത്തിലെ തൊഴുപ്പാടത്ത് ഫസീലമാരുടെ ഏറ്റുമുട്ടൽ
text_fieldsയു.ഡി.എഫ് സ്ഥാനാർഥി
ഫസീല അബ്ദുൽ റസാഖ്,
എൽ.ഡി.എഫ്
സ്വതന്ത്ര സ്ഥാനാർഥി
ഫസീല മുഹമ്മദ് ബഷീർ
ചെറുതുരുത്തി: തദ്ദേശ തിരഞ്ഞെടുപ്പിൽ പാഞ്ഞാൾ പഞ്ചായത്തിലെ മൂന്നാം വാർഡായ തൊഴുപ്പാടം ശ്രദ്ധാകേന്ദ്രമാവുകയാണ്. ഇവിടെ മത്സരിക്കുന്ന രണ്ട് പ്രധാന സ്ഥാനാർത്ഥികളുടെ പേര് ഒന്നുതന്നെയാണ് എന്നതാണ് പ്രധാന കൗതുകം. യു.ഡി.എഫ്, എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥികളുടെ പേര് ഫസീല എന്നാണ്. യു.ഡിഎഫിന് വേണ്ടി കോണി ചിഹ്നത്തിൽ ഫസീല അബ്ദുൾ റസാഖും എൽ.ഡി.എഫ് സ്വതന്ത്രയായി മൊബൈൽ ഫോൺ ചിഹ്നത്തിൽ ഫസീല മുഹമ്മദ് ബഷീറും മത്സരിക്കുന്നു.
മുസ്‍ലിം ലീഗ് വിട്ട് സി.പി.എമ്മിൽ ചേരുകയും തുടർന്ന് അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ പൊന്നാനിയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുകയും ചെയ്ത മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്. ഹംസയുടെ വാർഡ് കൂടിയാണ് തൊഴുപ്പാടം.
ഈ പ്രത്യേകതകൾ കാരണം വിവിധ രാഷ്ട്രീയ നേതാക്കന്മാർ പ്രചാരണത്തിനായി വാർഡിൽ എത്തുന്നുണ്ട്. പരമ്പരാഗതമായി യു.ഡി.എഫ് സ്ഥാനാർഥികൾ വിജയിച്ചുവരുന്ന വാർഡാണിത്. കഴിഞ്ഞ തവണ ലീഗ് സ്ഥാനാർത്ഥിയായ പി.എം. മുസ്തഫയാണ് ഇവിടെ വിജയിച്ചത്. ഇദ്ദേഹം ഇത്തവണ അടുത്ത വാർഡിൽ ലീഗ് സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്.
വികസനത്തുടർച്ച എന്ന മുദ്രാവാക്യമുയർത്തിയാണ് ഫസീല അബ്ദുൾ റസാഖ് മത്സരിക്കുന്നത്. വാർഡിലെ വികസന മുരടിപ്പ് ഉയർത്തിക്കാട്ടിയാണ് ഫസീല മുഹമ്മദ് ബഷീറിന്റെ മത്സരം. ബി.ജെ.പിക്ക് വേണ്ടി താമര അടയാളത്തിൽ ശിശിര രാകേഷ്, എസ്.ഡി.പി.ഐക്ക് വേണ്ടി കണ്ണട ചിഹ്നത്തിൽ ഹസീന ഹക്കീം എന്നിവരും മത്സരരംഗത്തുണ്ട്. ഇതോടെ വാർഡ് ശക്തമായ ചതുഷ്‌കോണ മത്സരത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

