ടൂറിസ്റ്റ് ബോട്ടുകൾക്ക് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി കലക്ടർ
text_fieldsതൃശൂർ: ജില്ലയിൽ സർവിസ് നടത്തുന്ന മുഴുവൻ ടൂറിസ്റ്റ്-വിനോദസഞ്ചാര ബോട്ടുകൾക്കും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സനും കലക്ടറുമായ ശിഖ സുരേന്ദ്രൻ ഉത്തരവിറക്കി.
രജിസ്ട്രേഷൻ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ്, ഇൻഷുറൻസ് തുടങ്ങി കൃത്യമായ രേഖകളില്ലാത്ത ബോട്ടുകൾക്ക് ഇനിമുതൽ സർവിസ് നടത്താൻ അനുമതിയുണ്ടാകില്ല.
ലൈസൻസും രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനവും ലഭിച്ച ജീവനക്കാർ മാത്രമേ ബോട്ടുകൾ പ്രവർത്തിപ്പിക്കാവൂ. ബോട്ടുകളിൽ മതിയായ എണ്ണം ലൈഫ് ജാക്കറ്റുകളും അഗ്നിശമന ഉപകരണങ്ങളും നിർബന്ധമാണ്.
യാത്രക്കാർ ലൈഫ് ജാക്കറ്റ് ധരിക്കുന്നുണ്ടെന്ന് ജീവനക്കാർ കർശനമായി ഉറപ്പാക്കണം. ബോട്ടിന്റെ ശേഷിയിൽ കൂടുതൽ ആളുകളെ കയറ്റാനോ മോശം കാലാവസ്ഥയിലും രാത്രിയിലും സർവിസ് നടത്താനോ പാടില്ല. സുരക്ഷാ നിർദേശങ്ങളും അടിയന്തര നമ്പറുകളും ബോട്ടിങ് കേന്ദ്രങ്ങളിലും ബോട്ടുകൾക്കുള്ളിലും മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം.
മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ പൊലീസ്, ഫയർഫോഴ്സ്, ടൂറിസം ഉൾപ്പെടെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ കർശനമായ സംയുക്ത പരിശോധനകൾ നടത്തും. നിയമലംഘനം നടത്തുന്ന ബോട്ടുടമകൾക്കും ഏജൻസികൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കലക്ടർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

