കോമൺ ഇൻക്യുബേഷൻ ഫെസിലിറ്റി: ഉൽപന്നങ്ങൾ കയറ്റുമതിയിലേക്ക്
text_fieldsകയറ്റുമതിക്ക് തയാറാക്കിയ കേരള കാർഷിക സർവകലാശാലയിലെ കോമൺ ഇൻക്യുബേഷൻ ഫെസിലിറ്റിയിൽ നിന്നുള്ള ആദ്യഘട്ട ഉൽപന്നങ്ങൾ
തൃശൂർ: കേരള കാർഷിക സർവകലാശാലയിലെ കോമൺ ഇൻക്യുബേഷൻ ഫെസിലിറ്റിയിൽനിന്നുള്ള ആദ്യഘട്ട ഉൽപന്നങ്ങൾ കയറ്റുമതിക്ക് ഒരുങ്ങി. പി.എം.എഫ്.എം.ഇ പദ്ധതിയുടെ ഭാഗമായി സർവകലാശാലയിൽ സജ്ജമാക്കിയ കോമൺ ഇൻക്യുബേഷൻ ഫെസിലിറ്റിയുടെ ഉദ്ഘാടനവും ആദ്യ കണ്ടെയ്നറിന്റെ ഫ്ലാഗ് ഓഫും ചൊവ്വാഴ്ച മന്ത്രി പി. രാജീവ് നിർവഹിക്കും. മന്ത്രി കെ. രാജൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
രാജ്യത്ത് ആദ്യമായാണ് ഒരു അഗ്രി ബിസിനസ് ഇൻക്യുബേഷൻ കേന്ദ്രത്തിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി നിർമിച്ച ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. വ്യവസായ വകുപ്പും കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷനും (കെ-ബിപ്പ്) കേരള കാർഷിക സർവകലാശാലയും ചേർന്നാണ് പി.എം.എഫ്.എം.ഇ പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്. 2.75 കോടി രൂപയുടെ മൂലധന വിഹിതമാണ് പദ്ധതിക്കായി ഇതുവരെ നീക്കിവെച്ചിട്ടുള്ളത്.
വൻ മുതൽമുടക്കില്ലാതെ തന്നെ സംരംഭകത്വ ആശയങ്ങൾ പരീക്ഷിക്കാനും പ്രായോഗികത ഉറപ്പുവരുത്തി വിപുലീകരിക്കാനും ഇത്തരം പൊതു ഇൻക്യുബേഷൻ സൗകര്യങ്ങൾ സഹായകമാകുമെന്ന് കാർഷിക സർവകലാശാല വൈസ് ചാൻസലറും കാർഷികോൽപാദന കമീഷണറുമായ ഡോ. ബി. അശോക് ഐ.എ.എസ് പറഞ്ഞു. ഇത് സംരംഭകർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർവകലാശാല കാമ്പസുകളിൽ വ്യവസായ പാർക്കുകൾ വരുന്നത് വിദ്യാർഥികളിൽ സംരംഭകത്വ മനോഭാവം വളർത്താനും നൈപുണ്യ വികസനത്തിനും വലിയ മുതൽക്കൂട്ടാകുമെന്ന് പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. കെ.പി. സുധീർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.