ഗൃഹനാഥന്റെ മരണം ബാങ്ക് ജപ്തിയിൽ മനംനൊന്തെന്ന് പരാതി
text_fieldsസത്യൻ
വാടാനപ്പള്ളി: ബാങ്കിന്റെ ജപ്തി നടപടിയിലുള്ള മനോവിഷമം മൂലമാണ് ഗൃഹനാഥൻ നെഞ്ചുവേദന വന്ന് മരിച്ചതെന്ന പരാതിയുമായി വീട്ടുകാർ. വാടാനപ്പള്ളിയിൽ സത്യ മെറ്റൽസ് എന്ന സ്ഥാപനം നടത്തിയിരുന്ന കൂളത്ത് വീട്ടിൽ സത്യനാണ് കഴിഞ്ഞദിവസം ഹൃദയാഘാതം മൂലം മരിച്ചത്. നല്ല നിലയിൽ ബിസിനസ് നടന്നിരുന്ന സമയത്ത് തൃശൂർ കരൂർ വൈശ്യ ബാങ്കിൽനിന്ന് സത്യൻ വായ്പ എടുത്തിരുന്നു. 2018ലെ പ്രളയത്തിൽ സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന പത്തു ലക്ഷം രൂപയുടെ സാമഗ്രികൾക്ക് നാശനഷ്ടം സംഭവിച്ചതിനെ തുടർന്ന് വായ്പ തിരിച്ചടവ് മുടങ്ങുകയും സ്ഥാപനം അടച്ചുപൂട്ടേണ്ട അവസ്ഥയിലാകുകയും ചെയ്തു.
ഇതേ ബാങ്കിൽനിന്ന് സത്യൻ വീട് നിർമാണത്തിനായി 18 ലക്ഷം രൂപയുടെ മറ്റൊരു വായ്പയും എടുത്തിരുന്നു. ഇതിൽ 15 ലക്ഷം രൂപ തിരിച്ചടച്ചു. കഴിഞ്ഞ മാർച്ചിൽ ഹൗസിങ് ലോൺ തീർക്കാൻ ബാങ്കിനെ സമീപിച്ചു. എന്നാൽ, ബിസിനസ് വായ്പയും വീട് നിർമാണ വായ്പയുമടക്കം തൊണ്ണൂറു ലക്ഷം രൂപ അടച്ചാൽ മാത്രമേ വീട് നിർമാണത്തിനായി ഈടുവെച്ച ആധാരം തിരികെ നൽകൂവെന്ന് ബാങ്ക് അധികൃതർ വാശിപിടിച്ചെന്ന് വീട്ടുകാർ പറയുന്നു.
വീടുനിർമാണ വായ്പ അടച്ചുതീർക്കാൻ അവസരം നൽകാതെ സത്യനെ ബാങ്കിൽനിന്ന് മടക്കിയയക്കുകയും ചെയ്തു. രണ്ടു വായ്പകൾക്കും വെവ്വേറെ ഭൂമികളുടെ ഈടാണ് നൽകിയിരുന്നത്. ഇതിൽ വീടിന്റെ വായ്പ അടച്ചുതീർത്താൽ ആധാരം തിരികെ നൽകണമെന്നും ബിസിനസ് വായ്പക്ക് ഈട് നൽകിയ സ്ഥലം വിറ്റ് തുകയടച്ചുതീർക്കാമെന്നും നിരവധി തവണ അപേക്ഷിച്ചിട്ടും ബാങ്ക് അധികൃതർ നിരസിച്ചെന്നും വീട്ടുകാർ പറഞ്ഞു. ഇതോടെ സത്യൻ കടുത്ത മാനസിക സംഘർഷത്തിലുമായിയിരുന്നു.
മാനുഷിക പരിഗണന നൽകാതെ ഈ മാസം ഏഴിന് ബാങ്ക് അധികൃതർ സത്യൻ താമസിച്ചിരുന്ന സ്ഥലവും വീടും ജപ്തി ചെയ്തു. വീടും സ്ഥലവും സംരക്ഷിക്കാൻ നിരവധി പരിശ്രമം നടത്തിയിട്ടും അതിന് കഴിയാത്തതിലുള്ള മാനസിക സംഘർഷവും കരൂർ വൈശ്യ ബാങ്ക് അധികൃതരുടെ പിടിവാശിയുമാണ് അദ്ദേഹത്തിന്റെ ജീവൻ കവർന്നതെന്നും വീട്ടുകാർ ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.