ദുർഗന്ധവും വായുമലിനീകരണവും: വരവൂർ പഞ്ചായത്തിലെ ചിക്കൻ റെൻഡറിങ് യൂനിറ്റ് പൂട്ടാൻ ഉത്തരവ്
text_fieldsവരവൂർ: രൂക്ഷമായ ദുർഗന്ധവും വായുമലിനീകരണവും സൃഷ്ടിച്ച് പ്രദേശവാസികളുടെ ആരോഗ്യത്തിന് ഭീഷണിയുയർത്തിയ വരവൂർ പഞ്ചായത്തിലെ ചിക്കൻ റെൻഡറിങ് യൂനിറ്റിന്റെ പ്രവർത്തനം അടിയന്തരമായി നിർത്തിവെക്കാൻ പഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടു. ഗാർഹിക മൃഗങ്ങൾക്ക് ഭക്ഷണം നിർമ്മിക്കുന്നതിനായി ചിക്കൻ മാലിന്യങ്ങൾ സംസ്കരിക്കുന്ന അർബൺ വിങ്സ് എൽ.എൽ.പി എന്ന സ്ഥാപനത്തിന്റെ ലൈസൻസാണ് പഞ്ചായത്ത് സസ്പെൻഡ് ചെയ്തത്. ഹൈക്കോടതി നിർദേശപ്രകാരം ലൈസൻസ് നേടി, 2025 ഏപ്രിലിൽ ഭാഗികമായി പ്രവർത്തനം ആരംഭിച്ച ഈ യൂണിറ്റിൽ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ പൂർണമായി പ്രവർത്തനക്ഷമമാക്കിയിരുന്നില്ല.
യൂനിറ്റിൽ നിന്നുള്ള ദുർഗന്ധവും മലിനീകരണവും ഒരു കിലോമീറ്റർ ചുറ്റളവിൽ വരെ വ്യാപിക്കുന്നതിനെതിരെ അയൽവാസികളും പരിസരവാസികളും തുടർച്ചയായി പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ വിദഗ്ധ സമിതി സ്ഥലത്തെത്തി ശാസ്ത്രീയ പഠനം നടത്തുകയുണ്ടായി. വാട്ടർ സ്ക്രബ്ബർ, ബയോഫിൽറ്റർ, എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് (ഇ.ടി.പി) എന്നിവ ഇവിടെയുണ്ടെങ്കിലും പരിശോധനാ സമയത്ത് ഇവയൊന്നും ഫലപ്രദമായി പ്രവർത്തിച്ചിരുന്നില്ലെന്ന് വിദഗ്ദ്ധ സംഘം കണ്ടെത്തി.
ഇ.ടി.പി പ്രവർത്തിക്കാതിരിക്കുക, ബയോഫിൽറ്ററിന്റെ പ്രവർത്തനം അപൂർണ്ണമായിരിക്കുക, മലിനജല പൈപ്പ്ലൈനുകൾ ബൈപാസ് ചെയ്യുക, സ്ഥിരം വൈദ്യുതി കണക്ഷനില്ലാത്തതിനാൽ ഡി.ജി സെറ്റിനെ ആശ്രയിക്കുക എന്നിവയാണ് പ്രത്യേകിച്ച് രാത്രികാലങ്ങളിൽ രൂക്ഷമായ ദുർഗന്ധത്തിന് കാരണമാകുന്നതെന്നും സമിതി വ്യക്തമാക്കി.
മലിനീകരണം സാങ്കേതികമായും ശാസ്ത്രീയമായും സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, വരവൂർ പഞ്ചായത്ത് ഭരണ സമിതി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് ശുദ്ധവായു ലഭിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനായാണ് പഞ്ചായത്ത് ഈ നടപടിയെടുത്തത്. കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 233എ വകുപ്പ് പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇ.ടി.പി, ബയോഫിൽറ്റർ, ഡ്രെയിനേജ് സംവിധാനങ്ങൾ എന്നിവ പൂർണമായും പ്രവർത്തനക്ഷമമാക്കുകയും, തൃപ്തികരമായ നടപടി റിപ്പോർട്ട് പഞ്ചായത്തിൽ സമർപ്പിക്കുകയും ചെയ്യുന്നത് വരെ യൂണിറ്റിന്റെ പ്രവർത്തനം നിർത്തിവെക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

