അരങ്ങൊഴിഞ്ഞത് കഥകളി വേദിയിലെ മദ്ദളവാദന കുലപതി
text_fieldsകലാമണ്ഡലം നാരായണൻ
എരുമപ്പെട്ടി: മദ്ദളവാദനത്തിൽ പകരം വെക്കാനില്ലാത്ത കലാകാരനെയാണ് കലാമണ്ഡലം നാരായണൻ നായരുടെ നിര്യാണത്തോടെ കഥകളി അരങ്ങിന് നഷ്ടമായത്. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട കലാസപര്യയിൽ കഥകളി വേദികളിൽ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. തിരുവേഗപ്പുറം മലമേൽ രാമൻനായരുടെയും കൊപ്പം രായിരനെല്ലൂർ കൊങ്ങശ്ശേരി കണ്ണത്ത് പാറുക്കുട്ടിയമ്മയുടെയും മകനായി ജനിച്ച നാരായണൻ നായർ കലാമണ്ഡലം അപ്പുകുട്ടി പൊതുവാളുടെ ആദ്യകാല ശിഷ്യരിൽ ഒരാളാണ്. കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളും ഗുരുവാണ്.
ചിട്ട വിടാതെയുള്ള ഇദ്ദേഹത്തിന്റെ മദ്ദള വാദന ശൈലിയാണ് മറ്റു മദ്ദള വിദ്വാന്മാരിൽ നിന്നും വേറിട്ട് നിർത്തിയിരുന്നത്. 1967ൽ ഇരിങ്ങാലക്കുട കലാനിലയത്തിൽ പ്രവർത്തിച്ച ഇദ്ദേഹം 1974 വരെ ദർപ്പണയിലും പ്രവർത്തിച്ചിട്ടുണ്ട്. ചെറുതുരുത്തി കേരള കലാമണ്ഡലത്തിൽനിന്ന് കഥകളി മദ്ദള വിഭാഗം മേധാവിയായാണ് വിരമിച്ചത്. കേരള കലാമണ്ഡലം അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, വിവിധ കഥകളി ക്ലബുകളുടെ അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരം ഇദ്ദേഹം നേടിയിട്ടുണ്ട്. അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, ജപ്പാൻ, ആസ്ട്രേലിയ, ന്യൂസിലൻഡ് അടക്കം 50ൽപരം വിദേശരാജ്യങ്ങളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. കോട്ടക്കൽ വിശ്വംഭര ക്ഷേത്രത്തിലെ ഇക്കഴിഞ്ഞ ഉത്സവത്തിലായിരുന്നു അവസാന അരങ്ങ്. തന്റെ കലാജീവിതം പ്രമേയമാക്കി ‘മഞ്ജുതര’ എന്ന പേരിൽ ഗ്രന്ഥവും രചിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.