ഗുരുവായൂര്‍ ആനത്താവളത്തിലെ മുത്തശ്ശി നന്ദിനി ചെരിഞ്ഞു
text_fieldsഗുരുവായൂർ ക്ഷേത്രോത്സവത്തിലെ പള്ളിവേട്ട ചടങ്ങിൽ
ഭക്തർക്കൊപ്പം ഓടുന്ന നന്ദിനി (ഫയൽ ചിത്രം)
ഗുരുവായൂര്‍: ആനത്താവളത്തിലെ ഗജമുത്തശ്ശി നന്ദിനി ചരിഞ്ഞു. ശനിയാഴ്ച വൈകീട്ട് 2.30ഓടെയായിരുന്നു അന്ത്യം. 65 വയസ് പ്രായം കണക്കാക്കുന്ന നന്ദിനി ഏറെക്കാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കാരണം അവശനിലയിലായിരുന്നു.
1987ന് ശേഷം മൂന്നുപതിറ്റാണ്ടിലധികം പള്ളിവേട്ടക്ക് ക്ഷേത്രമതില്ക്കകത്ത് ഒമ്പത് പ്രദക്ഷിണവും ആറാട്ടിന് 11 പ്രദക്ഷിണവും ഭക്തര്‍ക്കൊപ്പം നടത്തിയിരുന്നത് നന്ദിനിയാണ്. 1964ല്‍ നിലമ്പൂര്‍ സ്വദേശി പി. നാരായണന് നായരാണ് ഗുരുവായൂരില്‍ നടയിരുത്തിയത്. നാല് വയസായിരുന്നു അന്ന് പ്രായം.
1975 ജൂണ്‍ 26ന് ക്ഷേത്രത്തിന് സമീപമുള്ള കോവിലകം പറമ്പില്‍നിന്ന് ഇന്നത്തെ ആനത്താവളത്തിലേക്ക് ആനകളെ മാറ്റിയപ്പോള്‍ ഗുരുവായൂര്‍ കേശവനൊപ്പം എത്തിയ ആനകളില്‍ ഒന്നായിരുന്നു നന്ദിനി. ആറ് പതിറ്റാണ്ടോളം പള്ളിവേട്ടക്കും ആറാട്ടിനും നിയോഗിക്കപ്പെട്ട ലക്ഷ്മിക്കുട്ടിക്ക് പ്രായത്തിന്റെ അവശതകള്‍ ഏശാന്‍ തുടങ്ങിയപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ 1987 മുതലാണ് നന്ദിനിക്ക് ഉത്സവ ചടങ്ങുകളുടെ നിയോഗം ലഭിച്ചത്. അഞ്ച് വര്‍ഷം മുമ്പ് കോഴിക്കോട് വെച്ച് വാഹനമിടിച്ച് വലത് ഭാഗത്തിന് പരിക്കേറ്റത് ആനയുടെ ആരോഗ്യ സ്ഥിതി മോശമാക്കി. പിന്നീട് ആനക്ക് വലത് വശത്തേക്ക് ചെരിഞ്ഞ് കിടക്കാനായിട്ടില്ല.
ഒരു മാസം മുമ്പ് കിടപ്പിലായ ആനയെ ഉയര്‍ത്തി നിര്‍ത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. നന്ദിനിയുടെ സംസ്കാരം ഞായറാഴ്ച രാവിലെ കോടനാട് നടക്കും. ഗുരുവായൂര്‍ ആനകളുടെ എണ്ണം 36 ആയി ചുരുങ്ങി.
ആനത്താവളത്തിലെ രാജ്ഞി
ഗുരുവായൂര്‍: ആനത്താവളത്തിലെ ഗജമുത്തശ്ശി നന്ദിനിക്ക് ലഭിച്ചിരുന്നത് രാജകീയ പരിചരണം. പാദരോഗം ഇടക്കിടെ ശല്യപ്പെടുത്താന്‍ തുടങ്ങിയതോടെ എട്ട് ലക്ഷം രൂപ വിലവരുന്ന റബര്‍ മെത്തയിലായിരുന്നു നില്‍പ്പും കിടപ്പും. കോയമ്പത്തൂര്‍ സ്വദേശി മാണിക്യനാണ് പുതിയ കെട്ടുംതറിയും റബർ മെത്തയും സ്പോണ്സര് ചെയ്തത്. മൂത്രവും ആനപ്പിണ്ടവും നീക്കിയാല്‍ അതിവേഗം ഉണങ്ങുന്നതായിരുന്നു മെത്തയും തറിയും. വാര്‍ധക്യ സഹജമായ രോഗങ്ങളോട് പൊരുതാന്‍ പ്രത്യേക ടോണിക്കുകളും മരുന്നുകളും ദിവസേന നല്കി വന്നിരുന്നു. അലോപ്പതിക്കൊപ്പം ആയുര്‍വേദ ചികിത്സയും ഉണ്ടായിരുന്നു. പാദരോഗം തടയാന്‍ കാലില്‍ ഷൂ ധരിപ്പിക്കുന്നത് അടക്കമുള്ള ആലോചനകള്‍ ഒരു ഘട്ടത്തില്‍ നടന്നിരുന്നു.
പ്രായത്തിന്റെ അവശതകളിലും വലിയ കരുതലും പരിചരണവുമാണ് ആനത്താവളത്തില്‍ നന്ദിനിക്ക് ലഭിച്ചത്.
ഗുരുവായൂര്‍ ക്ഷേത്രോത്സവ നാളുകളില്‍ പള്ളിവേട്ടക്കും ആറാട്ടിനും നൂറ് കണക്കിന് ഭക്തര്‍ക്കിടയിലൂടെ ഓടുമ്പോഴും അവരില്‍ ഒരാള്‍ക്കും ഒരു പോറല്‍ പോലും ഏല്‍ക്കാതിരിക്കാനുള്ള കരുതല്‍ പുലര്‍ത്തിയ നന്ദിനിയെ കണ്ണിലെ കൃഷ്ണമണിപ്പോലെയാണ് ദേവസ്വം വാര്‍ധക്യകാലത്ത് സംരക്ഷിച്ചത്. കൊമ്പന്മാരെ തോല്‍പ്പിച്ച് മൂന്നുതവണ നന്ദിനി ആനയോട്ടത്തില്‍ വിജയിയായിട്ടുണ്ട്. പിടിയാനകളെ മാത്രം എഴുന്നള്ളിക്കുന്ന ക്ഷേത്രങ്ങളായ കോട്ടയം കൊടുങ്ങൂര്‍ ക്ഷേത്രം, അരിയന്നൂര്‍ ഹരികന്യക ക്ഷേത്രം എന്നിവിടങ്ങളില്‍ പല തവണ നന്ദിനി തിടമ്പേറ്റിയിട്ടുണ്ട്. കൊടുങ്ങൂര്‍ ക്ഷേത്രത്തില്‍ ഘോഷയാത്രയായാണ് നന്ദിനിയെ എതിരേല്ക്കാറുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.