ഗുരുവായൂര്‍ ക്ഷേത്ര നടപ്പുരയിലെ കൈയേറ്റങ്ങള്‍ നീക്കി
text_fieldsദേവസ്വത്തിന്റെ നടപ്പുരയിലേക്ക് കയറിനില്‍ക്കുന്ന ഭാഗങ്ങള്‍ പൊളിച്ചുനീക്കുന്നു
ഗുരുവായൂര്‍: ക്ഷേത്ര നടപ്പുരയിലേക്ക് കയറിനില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ ഭാഗങ്ങള്‍ ദേവസ്വം പൊളിച്ചുനീക്കി. കോടതി ഉത്തരവിനെ തുടര്‍ന്നാണ് ദേവസ്വം കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയെടുത്തത്. അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്, തഹസില്‍ദാര്‍ ടി.കെ. ഷാജി, ദേവസ്വം എന്‍ജിനീയര്‍ അശോക് കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് കൈയേറ്റങ്ങള്‍ നീക്കിയത്. ദേവസ്വത്തിന്റെ റോഡുകളുടെ അതിര്‍ത്തി നേരത്തെ സര്‍വേ നടത്തി അടയാളം സ്ഥാപിച്ചിരുന്നു.
ദേവസ്വം നിര്‍ദേശിച്ചതനുസരിച്ച് മിക്കവാറും സ്ഥലങ്ങളില്‍ സ്ഥാപന ഉടമകള്‍ തന്നെയാണ് പൊളിച്ചുനീക്കല്‍ നടത്തിയത്. കോടതിക്ക് റിപ്പോര്‍ട്ട് കൈമാറുമെന്ന് അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന് പറഞ്ഞു. കൈയേറ്റം സംബന്ധിച്ച് തുടര്‍ പരിശോധനകള്‍ ഉണ്ടാവുമെന്ന് തഹസില്‍ദാര്‍ ടി.കെ. ഷാജി പറഞ്ഞു.
ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തര്‍ക്ക് തടസ്സമായി റോഡുകളിലെ കൈയേറ്റം ഒഴിവാക്കേണ്ടത് നഗരസഭയുടെയും പൊലീസിന്റെയും ഉത്തരവാദിത്വമാണെന്ന് 2022 ഡിസംബര്‍ 16ന് ഹൈകോടതി ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ഭാഗമായി ക്ഷേത്ര നടപന്തലിലെ കൈയേറ്റം ഒഴിവാക്കാനായി നഗരസഭയെയും പൊലീസിനെയും ദേവസ്വം സമീപിച്ചിരുന്നു. കൈയേറ്റങ്ങള്‍ നീക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി മുരളീധരന് എന്നയാളും കോടതിയെ സമീപിച്ചിരുന്നു.
ഇതോടെയാണ് ദേവസ്വം നടപടികള്‍ വേഗത്തിലായത്. കാല് നൂറ്റാണ്ടോളം മുമ്പ് നടത്തിയ കെയേറ്റം ഒഴിപ്പിക്കല്‍ വലിയ ബഹളങ്ങള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ ഇത്തവണ ശാന്തമായാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. നിയമവിധേയമായ നടപടികളെ എതിര്‍ക്കില്ലെന്ന് വ്യാപാര സംഘടനകള്‍ അറിയിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.