കനത്ത മഴയും കാറ്റും; ഒന്നര കോടിയുടെ നാശം
text_fieldsജില്ലയിൽ ചൊവ്വാഴ്ചയുണ്ടായ കനത്ത കാറ്റിലും മഴയിലും നാശമുണ്ടായ പ്രദേശങ്ങൾ കലക്ടർ അർജുൻ പാണ്ഡ്യൻ
സന്ദർശിക്കുന്നു
തൃശൂർ: ജില്ലയിൽ ചൊവ്വാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിലും കാറ്റിലും 1,66,77,000 രൂപയുടെ വ്യാപക നാശനഷ്ടം സംഭവിച്ചു. ശക്തമായ കാറ്റിലും കനത്ത മഴയെയും തുടർന്ന് നാശനഷ്ടങ്ങൾ സംഭവിച്ച തൃശൂർ പുല്ലഴിയിലെ വീടും വൈദ്യുതി പോസ്റ്റുകൾ വീണ് നാശം സംഭവിച്ച ഒളരി കൊട്ടിൽ റോഡ് ഭാഗവും കലക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു. വൈദ്യുതി ലൈനുകൾ പൊട്ടി വീഴുകയും വീടിന്റെ ട്രസ് വർക്ക് പൂർണമായും തകരുകയും ചെയ്ത സ്ഥലങ്ങളിൽ കലക്ടർ നേരിട്ടെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.
ഇന്നലെയുണ്ടായ ശക്തമായ മഴയിൽ വെള്ളത്തിൽ മുങ്ങിയ കൊക്കാല-ചെട്ടിയങ്ങാടി റോഡിലെ സ്റ്റിച്ചിങ് കടയിൽനിന്ന് സാധനങ്ങൾ മാറ്റുന്നു
ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണും മരച്ചില്ലകൾ ഒടിഞ്ഞുവീണുമാണ് പരക്കെ നാശനഷ്ടങ്ങളുണ്ടായത്. തൃശൂർ താലൂക്കിലാണ് കൂടുതൽ നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയത്. ഒല്ലൂക്കര, അയ്യന്തോൾ, മരത്താക്കര, അരണാട്ടുകര, ഒല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലും നാശ നഷ്ടമുണ്ടായി. തൃശൂർ താലൂക്കിൽ വീട് പൂർണമായും 47 വീടുകൾ ഭാഗികമായും തകർന്നതിനെ തുടർന്ന് 23 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി.
കാറ്റിലും മഴയിലും തകർന്ന ഇക്കണ്ട വാര്യർ റോഡിലെ ട്രാൻസ്ഫോർമർ വൈദ്യുതി ജീവനക്കാർ ശരിയാക്കുന്നു
ഒല്ലൂക്കര, അന്തിക്കാട്, വെള്ളാങ്ങല്ലൂർ എന്നീ ബ്ലോക്കുകളിൽ 126 കർഷകരുടെ 5.97 ഹെക്ടർ കൃഷി നശിച്ചതിൽ 17.86 ലക്ഷം രൂപയുടെ നഷ്ടവും ഉണ്ടായി. തൃശൂർ, ഇരിങ്ങാലക്കുട കെ.എസ്.ഇ.ബി സർക്കിളിൽ മാത്രം 1,13,91,000 രൂപയുടെ നാശനഷ്ടം സംഭവിച്ചു. സ്ഥല സന്ദർശനത്തിൽ കലക്ടറോടൊപ്പം തൃശൂർ താലൂക്ക് തഹസിൽദാർ ടി. ജയശ്രീ, വില്ലേജ് ഓഫിസർ ഷീജ രാജ്, ഉദ്യോഗസ്ഥർ എന്നിവരും സന്നിഹിതരായിരുന്നു.
കുറുപ്പം റോഡിലെ കടകളിൽ വെള്ളത്തിൽ മുങ്ങിയ വൈദ്യുതി ഉപകരണങ്ങൾ വെയിലത്ത് ഉണക്കുന്ന കടയുടമ
അടിയന്തര നഷ്ടപരിഹാരം നൽകണം -ഐ.എൻ.എൽ
ചൊവ്വാഴ്ച നഗരത്തിലും പരിസരത്തുമുണ്ടായ മിന്നൽ ചുഴലിയിൽ നാശനഷ്ടങ്ങൾ ഉണ്ടായ കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കും അടിയന്തരമായി നഷ്ട പരിഹാരം നൽകണമെന്ന് ഐ.എൻ.എൽ കോർപറേഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് റവന്യു മന്ത്രിക്കും കോർപറേഷൻ അധികൃതർക്കും നിവേദനം നൽകാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് ബഫീക്ക് ബക്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ റാഫി പണിക്കശ്ശേരി, ശ്രീരാജ് ഒല്ലൂക്കര, ഇസ്മായിൽ, സലീം റഹ്മാൻ, സുൽഫിക്കർ തുടങ്ങിയവർ പങ്കെടുത്തു. ഷെഫീഖ് സ്വാഗതവും അഫ്സൽ കൊക്കാല നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.