മണികണ്ഠനാൽത്തറ; സ്മരണങ്ങൾ ഇരമ്പുന്നു
text_fieldsമണികണ്ഠനാൽത്തറ
തൃശൂർ തേക്കിൻകാട് മൈതാനിയിലെ മണികണ്ഠനാൽത്തറയിൽ സ്മരണകളിരമ്പുകയാണ്. രാജ്യം 79ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ തേക്കിൻകാടും മണികണ്ഠനാൽത്തറയും ആ പോരാട്ടനാളുകളുടെ നേർച്ചിത്രമാണ് പകർന്നുനൽകുന്നത്. മഹാത്മാ ഗാന്ധിയുടെയും സരോജിനി നായിഡുവിന്റെയും അടക്കം സന്ദർശനങ്ങളും പ്രസംഗങ്ങളും നിറഞ്ഞത് ഇവിടെയാണ്. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ തുടക്കത്തിനും മണികണ്ഠനാൽത്തറ സാക്ഷിയായി.
തൃശൂരിന്റെ സ്വാതന്ത്ര്യസമരത്തിന്റെ മുഖമായിരുന്നു മണികണ്ഠനാൽത്തറ. മഹാത്മാ ഗാന്ധി ഉൾപ്പെടെ നേതാക്കളെല്ലാം പ്രസംഗിച്ചത് ഇവിടെയായിരുന്നു. ജവഹർലാൽ നെഹ്റു, സരോജിനി നായിഡു ഉൾപ്പെടെയുള്ള നേതാക്കൾ ഇവിടെ എത്തി. ക്വിറ്റ് ഇന്ത്യ സമരത്തിന് തുടക്കമിട്ടതും ഇവിടെയായിരുന്നു.
1942 ആഗസ്റ്റ് 11ന് മണികണ്ഠനാൽത്തറയിൽ മൂവർണക്കൊടി ഉയർത്താൻ ശ്രമിച്ച സ്വാതന്ത്ര്യസമരസേനാനികൾക്കുനേരേ പൊലീസ് ലാത്തിച്ചാർജ് നടത്തിയത് സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മറക്കാനാകാത്ത ചരിത്രമാണ്. സ്വാതന്ത്ര്യത്തിനുശേഷം സ്വാതന്ത്ര്യദിന-റിപ്പബ്ലിക്ദിന പരേഡുകളുടെയും ആഘോഷങ്ങളുടെയും കേന്ദ്രവും തേക്കിൻകാട് മൈതാനമായി മാറി.
കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, വി.ആർ. കൃഷ്ണനെഴുത്തച്ഛൻ, ടി.സി. കൊച്ചുകുട്ടിയമ്മ, എം.വി. അബൂബക്കർ, പി. ഭാസ്കരൻ മാഷ്, വിരൂപാക്ഷൻ നമ്പൂതിരി, നായരുശ്ശേരി ദാമോദരൻ, തിരുവത്ര ദാമോദരൻ എന്നിവരെല്ലാം തൃശൂരിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ കനൽച്ചൂടിനെ ഊതിക്കത്തിച്ചവരാണ്.
ഗുരുവായൂർ സത്യഗ്രഹം, കുട്ടംകുളം സമരം, മണിമലർക്കാവ് മാറുമറയ്ക്കൽ സമരം തുടങ്ങിയവ ഈ നാടിന്റെ എന്നും ഓർക്കുന്ന പോരാട്ടങ്ങളുമാണ്.
1942 ആഗസ്റ്റ് 12ന് മണികണ്ഠനാൽത്തറയിൽ മൂവർണക്കൊടി ഉയർത്താൻ ശ്രമിച്ച സ്വാതന്ത്ര്യസമര സേനാനികൾക്കെതിരെ പൊലീസ് നിഷ്ഠുരമായ ലാത്തിച്ചാർജാണ് നടത്തിയത്. ആ കൗമാരക്കാർ പിൻമാറാതെ മൂവർണക്കൊടിയുയർത്തി. അവരിൽ ഒരാളായിരുന്നു പിന്നീട് തൃശൂരിന്റെയും കേരളത്തിന്റെയും ലീഡറായി മാറിയ കെ. കരുണാകരൻ.
മലബാറിലെയും തിരുവിതാംകൂറിലെയും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ വാർത്തകൾ മണികണ്ഠനാൽത്തറയിലാണ് ഉറക്കെ വായിച്ചിരുന്നത്. വിദേശ വസ്ത്രങ്ങൾ ശേഖരിച്ച് കത്തിച്ചിരുന്നതും ഇവിടെയായിരുന്നു. പുത്തൻപേട്ട കിഴക്കേ അങ്ങാടിയിലെ പൂവത്തിങ്കൽ സെബാസ്റ്റ്യൻ ആയിരുന്നു രണ്ട് കാര്യങ്ങൾക്കും മുന്നിൽ നിന്നിരുന്നത്.
ഈ സ്വാതന്ത്ര്യദിനത്തിലും മുൻകാല പോരാട്ടങ്ങളുടെ ഓർമയിൽ തേക്കിൻകാട് മൈതാനിയിൽ ദേശീയ പതാക ഉയർത്തലും സ്വാതന്ത്ര്യദിന പരേഡും അടക്കം നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.