ഒന്നരക്കോടിയുടെ സൈബർ തട്ടിപ്പ്; മഹാരാഷ്ട്ര സ്വദേശികൾ പിടിയിൽ
text_fieldsമുഹമ്മദ് ഹസ്സൻ ഹാനിഫ് സയ്യിദ്, അൻസാരി മുഹമ്മദ് സിമാബ് ഹൈദർ
ഇരിങ്ങാലക്കുട: സൈബർ തട്ടിപ്പിലൂടെ 1,61,52,750 രൂപ തട്ടിയെടുത്ത കേസിൽ കൂട്ടുപ്രതികളായ മഹാരാഷ്ട്ര സ്വദേശികളായ മുഹമ്മദ് ഹസ്സൻ ഹാനിഫ് സയ്യിദ് (23), അൻസാരി മുഹമ്മദ് സിമാബ് ഹൈദർ (24) എന്നിവരെ പൊലീസ് പിടികൂടി. തട്ടിപ്പ് പണം കൈമാറാനായി കൂട്ടുനിന്ന ഇടനിലക്കാരാണ് പ്രതികൾ. റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ തൃശൂർ റൂറൽ സൈബർ പൊലീസ് മുംബൈയിൽനിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
ചെന്ത്രാപ്പിന്നി സ്വദേശിയായ വ്യക്തിക്ക് 2023 മാർച്ചിൽ ‘നാപ്റ്റോൾ’ എന്ന് രേഖപ്പെടുത്തിയ കവർ തപാൽ വഴി ലഭിച്ചതാണ് തട്ടിപ്പിന്റെ തുടക്കം. ഓൺലൈൻ ഷോപ്പിങ് കമ്പനിയായ നാപ്റ്റോളിന്റേതെന്ന് തോന്നിക്കുന്ന സ്ക്രാച്ച് ആൻഡ് വിൻ കാർഡും മത്സര നിബന്ധനകൾ വിശദീകരിക്കുന്ന കത്തും കവറിലുണ്ടായിരുന്നു. നാപ്റ്റോളിന്റെ 14ാം വാർഷിക ഭാഗമായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കളിൽ ഒരാളാണ് പരാതിക്കാരനെന്ന് കത്തിൽ പറഞ്ഞിരുന്നു.
നാപ്റ്റോളിൽനിന്ന് സ്ഥിരമായി സാധനങ്ങൾ വാങ്ങുന്നതിനാൽ പരാതിക്കാരൻ ഇത് വിശ്വസിച്ചു. സ്ക്രാച്ച് ആൻഡ് വിൻ കാർഡ് ഉരച്ച് നോക്കിയപ്പോൾ ഒന്നാം സമ്മാനം മാരുതി സ്വിഫ്റ്റ് ഡിസയർ കാർ അല്ലെങ്കിൽ 8,60,000 രൂപ എന്നും കണ്ടു. ഇത് വിശ്വസിച്ച പരാതിക്കാരൻ പ്രധാന പ്രതികൾക്ക് പേര്, ബാങ്ക് അക്കൗണ്ട്, ആധാർ കാർഡ്, പാൻകാർഡ്, മൊബൈൽ നമ്പർ എന്നീ വിവരങ്ങൾ വാട്സ് ആപ്പ് വഴി അയച്ചുകൊടുത്തു.
തുടർന്ന് ആദ്യം നാപ്റ്റോളിൽ പേര് രജിസ്റ്റർ ചെയ്യാൻ 3500 രൂപ ബാങ്ക് അക്കൗണ്ട് മുഖേന അയച്ചുവാങ്ങി. തുടർ ദിവസങ്ങളിൽ വിവിധ കാരണങ്ങൾ പറഞ്ഞ് പരാതിക്കാരനെക്കൊണ്ട് പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമയപ്പിച്ചു. സമ്മാനത്തോടൊപ്പം ഈ തുക തിരികെ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്. ഇത്തരത്തിൽ 1,61,52,750 രൂപയാണ് 2023 മാർച്ച് 15 മുതൽ ജൂൺ 16 വരെ തട്ടിയെടുത്തത്. മുഹമ്മദ് ഹസൻ ഹാനിഫ് സയ്യിദ് തന്റെ അക്കൗണ്ടിലേക്ക് 14 ലക്ഷത്തോളം രൂപ അയച്ചുവാങ്ങി ഈ തുക പ്രതികൾക്ക് കൈമാറി കമീഷനായി 2000 രൂപ കൈപ്പറ്റി.
അൻസാരി മുഹമ്മദ് സിമാബ് ഹൈദറും 10 ലക്ഷത്തോളം രൂപ അയച്ചുവാങ്ങി പ്രധാന പ്രതികൾക്ക് നൽകി കമീഷൻ കൈപ്പറ്റി. ഇയാളുടെ സുഹൃത്തുക്കളായ അഞ്ചുപേരെ കൊണ്ട് ബാങ്ക് അക്കൗണ്ടുകൾ എടുപ്പിച്ച് അത് ഇയാൾ തന്നെ കൈകാര്യം ചെയ്തും 30,000 രൂപ കൈപ്പറ്റി. ഇയാൾക്ക് വിവിധ ബാങ്കുകളിലായി 13 അക്കൗണ്ടുകൾ ഉണ്ട്. തൃശൂർ റൂറൽ സൈബർ സ്റ്റേഷൻ ഇൻസ്പെക്ടർ പി.എസ്. സുജിത്ത്, എസ്.ഐമാരായ ഗ്ലാഡിൻ, ടി.എൻ. അശോകൻ, എ.എസ്.ഐ അനൂപ് കുമാർ, എസ്.സി.പി.ഒ എ.കെ. മനോജ്, ടെലികമ്യൂണിക്കേഷൻ സി.പി.ഒ വി.എസ്. അജിത്ത് എന്നിവരാണ് കേസന്വേഷിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.