കാറളത്ത് വിജയാഘോഷത്തിനിടെ സംഘർഷം: രണ്ടു പേർ പിടിയിൽ
text_fieldsഷിബു
ഇരിങ്ങാലക്കുട: കാറളം ഗ്രാമപഞ്ചായത്തിൽ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടയിൽ ഉണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റ സംഭവത്തിലെ പ്രതികൾ പിടിയിൽ.
ഞായറാഴ്ച വൈകീട്ട് അഞ്ചോടെ കാറളം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിന് സമീപം ഇരിക്കുകയായിരുന്ന കാറളം സൗത്ത് എഴുത്തച്ചൻ നഗർ സ്വദേശി പുതിയമഠത്തിൽ വീട്ടിൽ ദീപേഷിനെ (33) പ്രകടനത്തിൽ പങ്കെടുത്ത് വന്ന കാറളം പള്ളം സ്വദേശി അയ്യേരി വീട്ടിൽ വിഷ്ണു (30) ആക്രമിച്ചിരുന്നു. തുടർന്ന് വിഷ്ണു പ്രകടനത്തിൽ പങ്കെടുത്ത് മുന്നോട്ട് പോയി.
പ്രകടനം പുല്ലത്തറ സി.എച്ച്.സിക്ക് സമീപം എത്തിനിൽക്കവേ ദീപേഷിനെ അടിച്ച വൈരാഗ്യത്താൽ കാറളം സ്വദേശി വിളയാട്ടിൽ വീട്ടിൽ ഷിബു (43) വിഷ്ണുവിനെ വയറിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു.
ഷിബുവിനെ കാട്ടൂർ പൊലീസ് സംഭവ സ്ഥലത്ത് നിന്ന് കസ്റ്റഡിയിൽ എടുത്തു. കൊലപാതക ശ്രമത്തിന് കേസെടുത്തു.
ദീപേഷിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് വിഷ്ണുവിനെതിരെ നരഹത്യാശ്രമത്തിനുള്ള വകുപ്പ് ചേർത്ത് കേസെടുത്തിട്ടുണ്ട്.
വിഷ്ണു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് നീരീക്ഷണത്തിലാണ്. കാട്ടൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളും ഇരിങ്ങാലക്കുട ഡിവൈ.എസ്.പി സി.എൽ. ഷാജുവിന്റെ നേതൃത്വത്തിൽ കാട്ടൂർ എസ്.എച്ച്.ഒ കെ.സി. ബൈജുവാണ് അന്വേഷിക്കുന്നത്.
രണ്ട് കേസുകളിലും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. വിഷ്ണു കാട്ടൂർ സ്റ്റേഷൻ പരിധിയിൽ കൊലപാതകം, കൊലപാതകശ്രമം, അടിപിടി ഉൾപ്പെടെ എട്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഷിബു കാട്ടൂർ സ്റ്റേഷനിൽ പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച രണ്ട് കേസുകളിലെ പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

