ഭർതൃവീട്ടുകാർ എടുത്ത സ്വർണത്തിന്റെ വിപണി വില നൽകണമെന്ന് കുടുംബ കോടതി
text_fieldsഇരിങ്ങാലക്കുട: ഭർതൃവീട്ടുകാർ എടുത്ത സ്വർണത്തിന്റെ വിപണി വില കിട്ടാൻ ഭാര്യക്ക് അവകാശമുണ്ടെന്ന് ഇരിങ്ങാലക്കുട കുടുംബകോടതി. കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശിനി ഷൈൻ മോൾ നൽകിയ ഹരജിയിലാണ് വിധി. ഭർത്താവും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും വിവാഹസമ്മാനമായി ലഭിച്ച സ്വർണാഭരണങ്ങളും ഗൃഹോപകരണങ്ങളും തിരിച്ചുനൽകിയില്ലെന്നും തനിക്കും മകൾക്കും ചെലവിന് നൽകുന്നില്ലെന്നും കാട്ടിയാണ് ഇവർ കോടതിയെ സമീപിച്ചത്.
യുവതിയുടെ 100 പവൻ സ്വർണാഭരണങ്ങളും കൈപ്പറ്റിയ എട്ടു ലക്ഷം രൂപയും തിരിച്ചുനൽകാനും യുവതിക്കും മകൾക്കും 2014 മുതൽ മുൻകാല പ്രാബല്യത്തോടെ ചെലവിനത്തിൽ 12.80 ലക്ഷം രൂപ നൽകാനും കുടുംബ കോടതി ജഡ്ജി റെനോ ഫ്രാൻസിസ് സേവ്യർ പുറപ്പെടുവിച്ച വിധിയിൽ പറയുന്നു.
2007 ഒക്ടോബർ 21നാണ് ഷൈൻ മോളും ഭർത്താവ് തൃശൂർ കാളത്തോട് പാളയംകോട്ട് ബഷീറിന്റെ മകൻ ബോസ്കിയും വിവാഹിതരായത്. 2010ലാണ് ഇവർക്ക് മകൾ ജനിച്ചത്. ഷൈൻമോളുടെ വിവാഹമോചനഹരജിയിൽ സ്വർണാഭരണങ്ങളോ പണമോ തങ്ങളുടെ കൈവശമില്ലെന്നും യുവതി പുനർവിവാഹം കഴിച്ചതിനാൽ ചെലവ് ലഭിക്കാൻ അർഹതയില്ലെന്നുമായിരുന്നു ഭർതൃവീട്ടുകാരുടെ വാദം.
തങ്ങളുടെ 58 പവൻ സ്വർണാഭരണങ്ങൾ യുവതിയുടെ പക്കലുണ്ടെന്നും അത് തിരിച്ചുകിട്ടണമെന്നും അവർ ഉന്നയിച്ചു. ഈ വാദങ്ങൾ തള്ളിയ കോടതി യുവതി പുനർവിവാഹം കഴിക്കുന്നതുവരെയുള്ള കാലയളവിൽ ഭർത്താവിൽനിന്നും ചെലവിന് കിട്ടാൻ അർഹതയുണ്ടെന്ന് വിലയിരുത്തി.
വിവാഹമോചനഹരജി 2022ൽ കുടുംബ കോടതി അനുവദിച്ച സാഹചര്യത്തിൽ വിവാഹത്തിന് മുമ്പോ ശേഷമോ ഭർതൃവീട്ടുകാർ നൽകുന്ന മുതലുകൾ തിരിച്ചുകിട്ടാൻ മുസ്ലിം വുമൺ (പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ഓൺ ഡൈവേഴ്സ്) ആക്ട് 1986ലെ മൂന്നാം വകുപ്പുപ്രകാരം ഭർത്താവിന് അർഹതയില്ലെന്ന് കോടതി വിലയിരുത്തി.
യുവതി ഹരജി നൽകിയ സമയം സ്വർണാഭരണവില 20,000 രൂപയിൽ താഴെ ആയിരുന്നു. നിലവിലെ സാഹചര്യത്തിൽ അത് അപര്യാപ്തമാണെന്ന് കണ്ടാണ് വിപണി വില പ്രകാരം സ്വർണാഭരണങ്ങൾ തിരികെ നൽകാൻ കോടതി ഉത്തരവിട്ടത്. ഹരജിക്കാരിക്കുവേണ്ടി അഡ്വ. പി.വി. ഗോപകുമാർ മാമ്പുഴ, അഡ്വ. കെ.എം. അബ്ദുൽ ഷുക്കൂർ, അഡ്വ. കെ.എം. കാവ്യ, അഡ്വ. എ. പയസ് ജോസഫ് എന്നിവർ ഹാജരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.