ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക്: രാവിലെ മുതൽ ഓടിയെത്തി നിക്ഷേപകർ; എങ്ങും ആശങ്കയുടെ മുഖങ്ങൾ
text_fieldsഇരിങ്ങാലക്കുട ടൗൺ കോ ഓപറേറ്റിവ് ബാങ്കിൽ പണം പിൻവലിക്കാനെത്തിയവർ
തൃശൂർ: ഇരിങ്ങാലക്കുട ടൗൺ കോ ഓപറേറ്റിവ് ബാങ്കിന് റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയെന്ന വിവരം പുറത്തുവന്നത് മുതൽ നിക്ഷേപകരിൽ ആശങ്കയായിരുന്നു. ഇരിങ്ങാലക്കുടയിലെ ആസ്ഥാന ബ്രാഞ്ചിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലായുള്ള 19 ബ്രാഞ്ചുകളിലും നിരവധി നിക്ഷേപകരാണ് വ്യാഴാഴ്ച രാവിലെ മുതൽ എത്തിയത്.
വെള്ളിയാഴ്ച രാവിലെ പത്ത് ആകും മുമ്പ് തന്നെ ഇരിങ്ങാലക്കുടയിലെ പ്രധാന ബ്രാഞ്ചിന് മുന്നിൽ നിക്ഷേപകർ കൂടിയിരുന്നു. എല്ലാവരുടെയും മുഖം ആശങ്കയാൽ നിറഞ്ഞു. കൂടുതലും വയോധികരായിരുന്നു. ജീവിത സമ്പാദ്യം മുഴുവൻ ബാങ്കിൽ നിക്ഷേപിച്ചവരായിരുന്നു പലരും. മക്കളുടെ വിവാഹത്തിനും പഠനത്തിനും വീട് പണിയാനും ചികിത്സക്കും ഒക്കെയുള്ള പണം ബാങ്കിലായിരുന്നു.
ആകെ 10,000 രൂപ മാത്രമേ ആറ് മാസത്തിനുള്ളിൽ കിട്ടൂവെന്ന് അറിഞ്ഞതോടെ ഇതുവെച്ച് എങ്ങനെ ജീവിക്കുമെന്ന ആധിയിലായി പലരും. രാവിലെ ബാങ്ക് തുറന്നപ്പോൾ തന്നെ പതിനായിരമെങ്കിൽ പതിനായിരം എന്ന രീതിയിൽ പിൻവലിക്കാനും തിരക്ക് കൂട്ടി. ഇതിനായുള്ള അപേക്ഷ ഫോറം വാങ്ങാനും തിക്കും തിരക്കുമായിരുന്നു.
ജീവനക്കാർ ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്തതോടെ പലരും ആശ്വാസത്തിലായി. ചിലർ പതിയെ പിരിഞ്ഞുപോയി. ഒരു സംഘം നിയമനടപടികൾ ആലോചിക്കണമെന്ന ചർച്ചയിലായിരുന്നു. ഇതിനിടെയാണ് ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപറേഷൻ വഴിയുള്ള അഞ്ച് ലക്ഷം രൂപ ലഭിക്കുമെന്ന വിവരങ്ങൾ പലരിലേക്കും എത്തുന്നത്. ഇതോടെ ഇതിനുള്ള മാർഗം അന്വേഷിച്ച് ബാങ്ക് ജീവനക്കാരനു മുന്നിൽ ആളുകൾ കൂടി.
വേണ്ട രേഖകളും 45 ദിവസം വരെ അപേക്ഷ സമർപ്പിക്കാൻ സമയമുണ്ടെന്നും അറിഞ്ഞതോടെ കുറച്ചുപേർ കൂടി പിരിഞ്ഞുപോയി. വേണ്ട രേഖകളുടെ ഫോട്ടോ ഫോണിൽ എടുത്താണ് പലരും മടങ്ങിയത്. ചിലർക്ക് മറ്റ് ബാങ്കിൽ അക്കൗണ്ട് ഇല്ലായിരുന്നു. ഇതോടെ പൊതുമേഖല ബാങ്കുകളിലൊന്നിൽ അക്കൗണ്ട് എടുത്ത ശേഷം അപേക്ഷ നൽകാമെന്ന് അറിയിച്ചു. അഞ്ച് ലക്ഷം രൂപ ലഭിക്കുമെന്ന് ഉറപ്പായതോടെയാണ് പലരും ആശ്വാസത്തോടെ ബാങ്ക് വിട്ടത്. ഉച്ചക്ക് ശേഷം വലിയ തിരക്കുമുണ്ടായില്ല.
അതേസമയം, വലിയ തുക നിക്ഷേപമുള്ളവരുടെ ആശങ്ക തുടരുകയാണ്. ഇവർക്ക് ആവശ്യങ്ങൾക്ക് പണം ലഭിക്കാൻ നിലവിലെ സാഹചര്യത്തിൽ കാത്തിരിക്കേണ്ടി വരും. ടൗൺ ബാങ്കിന്റെ ചെക്കുകളും മറ്റും നൽകിയവരുടെ വിഷയത്തിലും ആശങ്ക തുടരുകയാണ്. പല സ്ഥാപനങ്ങളിലും വ്യക്തികൾക്കും നൽകിയ ചെക്കുകൾ മടങ്ങിയാൽ ഉത്തരവാദിത്തം ആർക്കാണെന്ന ചോദ്യത്തിന് ബാങ്ക് അധികൃതരും മറുപടി പറഞ്ഞിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.