കർക്കടക വാവുബലി തർപ്പണം; കനത്ത സുരക്ഷയൊരുക്കി തൃശൂർ റൂറൽ പൊലീസ്
text_fieldsഇരിങ്ങാലക്കുട: കര്‍ക്കടക വാവുബലി തര്‍പ്പണത്തിന് റൂറല്‍ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ക്രമസമാധാന പാലനത്തിനായി 500 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.ആർ. ബിജോയ്, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ.ജി. സുരേഷ്, കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി വി.കെ. രാജു, ചാലക്കുടി ഡി.വൈ.എസ്.പി പി.സി. ബിജുകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ ശക്തവും പഴുതടച്ചതുമായ സംവിധാനങ്ങളാണ് വിശ്വാസികൾക്ക് സുരക്ഷിതമായി ബലിതർപ്പണ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി ഒരുക്കിയിരിക്കുന്നത്.
ബലിതർപ്പണം നടക്കുന്ന എല്ലാ സ്ഥലങ്ങളിലും മതിയായ വെളിച്ചം, മുന്നറിയിപ്പ് ബോർഡുകൾ, മൈക്കിലൂടെയുള്ള സുരക്ഷ അറിയിപ്പുകൾ, ഉയർന്ന സ്ഥലത്ത് നിന്ന് പുഴയിൽ ആരെങ്കിലും ഇറങ്ങുന്നുണ്ടോ എന്ന് നീരിക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ, സ്കൂബാ സംഘം, രക്ഷാപ്രവർത്തന സംഘം, ആംബുലൻസ് എന്നിവ പൊലീസ് ഉറപ്പ് വരുത്തിയിട്ടുണ്ട്.
ഗതാഗത തടസ്സമില്ലാതിരിക്കാൻ പ്രധാനപ്പെട്ട ജങ്ഷനുകളിലും മറ്റ് സ്ഥലങ്ങളിലും ആവശ്യമായ പൊലീസിനെ വിന്യസിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി തൃശ്ശൂർ റൂറൽ വനിത പൊലീസ് സ്റ്റേഷൻ എസ്.ഐ ഇ.യു. സൗമ്യ, സൈബർ പൊലീസ് സ്റ്റേഷൻ എസ്.ഐ. രമ്യ കാർത്തികേയൻ എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ വനിത പൊലീസിനെയും കൂടാതെ രണ്ട് പിങ്ക് പൊലീസ് പട്രോളിങ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
ബലിതർപ്പണം നടക്കുന്ന സ്ഥലങ്ങളിലും പരിസരങ്ങളിലും ആവശ്യമായ മുന്‍കരുതലോടെയുള്ള കർശനമായ പൊലീസ് പട്രോളിങും ഏർപ്പെടുത്തിയിട്ടുണ്ട്. കർക്കിടകവാവിനോടനുബന്ധിച്ച് 24.ന് പുലർച്ചെ 12.30 മണി മുതൽ രാവിലെ 10.00 മണിവരെ ബലിതർപ്പണം നടക്കുന്നത് എങ്കിലും 23 ന് അർധരാത്രി മുതൽ വിശ്വാസികൾ ബലിതർപ്പണ ചടങ്ങുകൾക്കായി വിവിധ കേന്ദ്രങ്ങളിൽ എത്തി തുടങ്ങും. ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ ആറാട്ടുപുഴ മന്ദാരംകടവ്, ചാലക്കുടി പൊലീസ് സ്റ്റേഷൻ പരിധിയിലെ കൂടപ്പുഴ, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കാര എന്നീ സ്ഥലങ്ങളിലാണ് കൂടുതൽ വിശ്വാസികൾ എത്തിച്ചേരുന്നത്.
ഈ വർഷം 25,000 ത്തോളം ആളുകൾ ബലിതർപ്പണത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ബലിതർപ്പണ കേന്ദ്രങ്ങളിൽ വളരെയധികം ബഹുജനതിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യമായതിനാൽ പുഴകളിൽ ശക്തമായ ഒഴുക്കുള്ളതിനാലും കടലിൽ അതി ശക്തമായ തിരമാലകൾ രൂപം കൊള്ളുന്നതിനാലും മുൻനിർത്തി കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.