വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പ്; 32 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി
text_fieldsഇരിങ്ങാലക്കുട: തൃശൂർ റൂറൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോഓപറേറ്റിവ് സൊസൈറ്റിക്കെതിരെ രജിസ്റ്റർ ചെയ്ത 32 തട്ടിപ്പ് കേസുകൾ സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി. ഈ കേസുകൾ സംസ്ഥാന ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് റീ-രജിസ്റ്റർ ചെയ്തു.
ഇരിങ്ങാലക്കുട, ആളൂർ, കൊടകര, മാള, വരന്തരപ്പിള്ളി എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നത്. ഈ 32 കേസുകളിലുമായി ആറ് കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നതായി പ്രാഥമികമായി കണക്കാക്കുന്നത്.
ഇരിങ്ങാലക്കുട ചന്തക്കുന്ന് ദേശത്ത് പ്രവർത്തിച്ചിരുന്ന വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോഓപറേറ്റിവ് സൊസൈറ്റിയുടെ ബ്രാഞ്ചാണ് തട്ടിപ്പിന് പിന്നിൽ. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് കോടിക്കണക്കിന് രൂപ ഫിക്സഡ് ഡെപ്പോസിറ്റായി സ്വീകരിച്ചു.
എന്നാൽ, നിക്ഷേപകർക്ക് നാളിതുവരെ പലിശ നൽകാതിരിക്കുകയും നിക്ഷേപിച്ച പണം തിരികെ നൽകാതെ വഞ്ചിക്കുകയും ചെയ്തതിനെ തുടർന്നുള്ള പരാതികളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജില്ലയുടെ പല ഭാഗങ്ങളിലും ഫാമുകൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് ലാഭമുണ്ടാക്കി നിക്ഷേപകർക്ക് ലാഭവിഹിതം നൽകുമെന്നായിരുന്നു കമ്പനിയുടെ പ്രധാന വാഗ്ദാനം. കൂടാതെ കേന്ദ്ര സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണെന്ന് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

