വ്യാജ സ്വർണം പണയം വെച്ച് കോടി രൂപ തട്ടി; പ്രതികൾ പിടിയിൽ
text_fieldsപ്രതികളായ ബഷീർ ബാബു, ഗോപകുമാർ, രാജേഷ് എന്നിവരുമായി പൊലീസ്
കയ്പമംഗലം: തീരദേശത്ത് വ്യാപകമായി വ്യാജ സ്വർണാഭരണങ്ങൾ പണയം വെച്ച് പണം തട്ടുന്ന സംഘത്തിലെ മൂന്ന് പേർ കയ്പമംഗലത്ത് പിടിയിൽ. ശ്രീനാരായണപുരം ആമണ്ടൂർ സ്വദേശി കാട്ടകത്ത് ബഷീർ ബാബു (49), പറവൂർ ചേന്നമംഗലം സ്വദേശി ചെട്ടി പറമ്പിൽ ഗോപകുമാർ (54), കൊടുങ്ങല്ലൂർ മേത്തല സ്വദേശി വാലത്തറ വീട്ടിൽ രാജേഷ് (47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എടത്തിരുത്തി കിസാൻ സർവിസ് സഹകരണ ബാങ്കിൽ 18 തവണയായി 315 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി 14 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ എടത്തിരുത്തി കുട്ടമംഗലം സ്വദേശി പോക്കാക്കില്ലത്ത് ബഷീറിനെ (47) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്ന് ഏഴോളം ധനകാര്യ സ്ഥാപനങ്ങൾ കൂടി ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചത്.
പെരുമ്പാവൂർ, മൂവാറ്റുപുഴ ഭാഗങ്ങളിൽ നിർമിക്കുന്ന വ്യാജ സ്വർണാഭരണങ്ങളാണ് ഇവർ പണയപ്പെടുത്തിയിരുന്നത്. ഒരു പവൻ തൂക്കം വരുന്ന വള പന്ത്രണ്ടായിരം രൂപ കൊടുത്താണ് ഇവർ കൊണ്ടുവരുന്നത്. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പണയം വെച്ച് കോടിയിലധികം രൂപ ഇവർ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. ഇത്തരത്തിൽ തട്ടിയെടുത്ത പണം ചീട്ടുകളിക്കും മറ്റുമായി ഉപയോഗിച്ചു. വ്യാജ സ്വർണം നിർമിക്കുന്ന സംഘത്തെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവർക്കായുള്ള അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു. രാജേഷിന് വിവിധ സ്റ്റേഷനുകളിലായി പതിമൂന്നോളം കേസുകൾ ഉണ്ട്. ബഷീർ ബാബുവിനെതിരെയും സമാന കേസ് നിലവിലുണ്ട്.
റൂറൽ എസ്.പി ബി. കൃഷ്ണകുമാറിന്റെ നിർദേശാനുസരണം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി വി.കെ. രാജുവിന്റെ നേതൃത്വത്തിൽ കയ്പമംഗലം പൊലീസ് ഇൻസ്പെക്ടർ എം. ഷാജഹാൻ, എസ്.ഐമാരായ കെ.എസ്. സൂരജ്, ഹരിഹരൻ, എ.എസ്.ഐ മുഹമ്മദ് റാഫി, സീനിയർ സി.പി.ഒ സുനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.