കലാമണ്ഡലം രജിസ്ട്രാർ ഇന്ന് പടിയിറങ്ങുന്നു; നാലര വർഷം കൊണ്ട് നിരവധി വികസനം, ഒട്ടേറെ പഴിവാക്കുകളും കേട്ടു
text_fieldsഡോ. പി. രാജേഷ് കുമാർ
ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ നാലര വർഷം കൊണ്ട് നിരവധി വികസനങ്ങൾ നടപ്പാക്കി രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ ശനിയാഴ്ച പടിയിറങ്ങുന്നു. ഏറെ പഴിവാക്കുകൾ കേട്ടും പുതിയ പ്രോജക്ടുകൾ ഉദ്ഘാടനം ചെയ്യാതെയും മടങ്ങുന്ന ഇദ്ദേഹം തൃപ്പൂണിത്തുറ ആയുർവേദ മെഡിക്കൽ കോളജിൽ പഴയ അധ്യാപക ജീവിതത്തിലേക്കാണ് പോകുന്നത്. നിരവധി രജിസ്ട്രാർമാർ താൽക്കാലികമായി എത്തിയെങ്കിലും ആർക്കും ഇരിപ്പുറക്കാത്തതിനെ തുടർന്ന് 2022 ജൂണിലാണ് ഡോ. പി. രാജേഷ് കുമാർ കലാമണ്ഡലത്തിൽ സ്ഥാനം ഏറ്റെടുത്തത്.
കാട് പിടിച്ച് കിടന്ന നിള കാമ്പസ് ലക്ഷങ്ങളുടെ പ്രോജക്ടിൽ വലിയൊരു മണ്ഡപം പോലെ രൂപപ്പെടുത്തി. അന്താരാഷ്ട്ര തലത്തിലുള്ള നാടകങ്ങളും വിദേശികളുടെ വിവിധ കഥകളികളും അവിടെ അരങ്ങിലെത്തി. വിവിധ സംഘടനകളുടെ കലാപരിപാടികൾ അവതരിപ്പിക്കാൻ വാടകക്ക് കൊടുത്ത് വരുമാനം കലാമണ്ഡത്തിന്റെ വികസനത്തിന് വേണ്ടി ഉപയോഗിക്കുകയും ചെയ്തു.
രണ്ടാം ശനിയാഴ്ചകളിൽ വളർന്നുവരുന്ന കഥകളി കലാകാരന്മാർക്ക് അവതരിപ്പിക്കാൻ വേദി വിട്ടുകൊടുത്തു. ഹോസ്റ്റലിൽ പെൺകുട്ടികൾക്ക് പ്രത്യേക മുറികളും മറ്റു അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചു.
കോടികൾ ചെലവഴിച്ച രംഗകല മ്യൂസിയം ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇത് വികസിപ്പിച്ചെടുത്ത് വിദേശികൾക്കും മറ്റുള്ളവർക്കും തുറന്നു കൊടുക്കാനുള്ള നടപടികൾ ആരംഭിക്കുന്നതിനിടയിലാണ് ഇദ്ദേഹം പടിയിറങ്ങുന്നത്. നിരവധി വിദേശികൾ എത്തുന്ന കലാമണ്ഡലത്തിൽ എ.ടി.എം സൗകര്യം ഉണ്ടാക്കി വരുമാനം കലാമണ്ഡലത്തിലേക്ക് എത്തിച്ചു. ത്രീസ്റ്റാർ സൗകര്യമുള്ള ഹോട്ടൽ സംവിധാനം പണി നടന്നുവരികകയാണ്. കലാരൂപങ്ങളുടെ പ്രകടനങ്ങളിൽ മാപ്പിള കല പോലുള്ളവയും കലാമണ്ഡലത്തിലെ നിള ഫെസ്റ്റിൽ എത്തിച്ചപ്പോൾ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
വിദ്യാർഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകിയത് കൊണ്ടാവാം ഇദ്ദേഹം ചുമതലയിലുണ്ടായിരുന്ന നാലര വർഷത്തോളം കലാമണ്ഡലത്തിൽ ഒരു അനിശ്ചിതകാല സമരവും ഉണ്ടായില്ല. അധ്യാപകരുടെ പിൻവാതിൽ നിയമനം രാഷ്ട്രീയക്കളികളാണെന്ന് ആരോപിച്ച് വിവിധ സംഘടനകൾ കലാമണ്ഡലത്തിലേക്ക് സമരം നടത്തിയെങ്കിലും അതെല്ലാം നേരിട്ടു. അധ്യാപകരെ നിയമിച്ച് വിദ്യാർഥികളുടെ പഠനം ഉറപ്പുവരുത്തി. വിദ്യാർഥികളുടെ മെസ്സിലെയും ഉഴിയാൻ വേണ്ടി ഉപയോഗിക്കുന്ന എണ്ണയിലെയും അഴിമതിയും വിദ്യാർഥികൾക്ക് ആദ്യമായി കോഴി ബിരിയാണി നൽകിയെന്ന വിവാദവും കൂത്തമ്പലത്തിൽ ചെരുപ്പിട്ട് കയറി എന്നാരോപിച്ചുള്ള പ്രശ്നങ്ങളുമെല്ലാം ഇക്കാലത്തുണ്ടായി.
കലാമണ്ഡലം ചാൻസലർ ജോലി ചെയ്യാതെ കോടികൾ ശമ്പളം വാങ്ങിക്കുന്നതായ ആരോപണവും ശക്തമായിയിരുന്നു. എങ്കിലും എല്ലാം തരണം ചെയ്താണ് ഇദ്ദേഹം പോകുന്നത്. എന്നാൽ, കലയെ സംരക്ഷിക്കാൻ ഇനി ഏതു രജിസ്ട്രാർ പുതിയതായി എത്തുമെന്ന ആശങ്കയാണ് വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും പങ്ക് വെക്കുന്നത്.

