വെള്ളിക്കുളങ്ങരയില്‍ ഇക്കോ ടൂറിസത്തിന് അനന്തസാധ്യത
text_fieldsകൊടകര: വെള്ളിക്കുളങ്ങര മലയോരമേഖലയിലെ പ്രകൃതിവിസ്മയങ്ങൾ കോര്‍ത്തിണക്കി ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കണമെന്ന് ആവശ്യമുയരുന്നു. മലയോര ഹൈവേ കടന്നുപോകുന്ന വെള്ളിക്കുളങ്ങര മേഖലയില്‍ ഇക്കോ ടൂറിസത്തിന് അനന്ത സാധ്യതകളാണുള്ളത്.
നൂറ്റാണ്ട് മുമ്പ് നിലവിലുണ്ടായിരുന്ന കൊച്ചിന് ഫോറസ്റ്റ് ട്രാംവേ ഭാഗികമായെങ്കിലും പുനരുദ്ധരിച്ചാല്‍ പറമ്പിക്കുളം വനത്തിലേക്ക് ട്രക്കിങ്, പക്ഷിനിരീക്ഷണയാത്ര എന്നിവ സാധ്യമാകും. വിദേശസഞ്ചാരികളെയടക്കം ഇവിടേക്കാകര്ഷിക്കാന് ഇതിലൂടെ സാധിക്കും.
വെള്ളിക്കുളങ്ങര വനത്തിലെ വിചിത്രാകൃതിയിലുള്ള കോഴിമുട്ടപ്പാറ, മുട്ടത്തുകുളങ്ങരക്കടുത്തുള്ള നാഗത്താന്‍പാറ, ചൊക്കന തോട്ടം മേഖലയിലുള്ള ആട്ടുപാലങ്ങള്‍, ദൃശ്യഭംഗി തുളുമ്പുന്ന കാരിക്കടവ് പ്രദേശം എന്നിവയെ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയും.
മഴക്കാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന ചെറുവെള്ളച്ചാട്ടങ്ങളെ ഉള്‍പ്പെടുത്തിയുള്ള മണ്‍സൂണ്‍ ടൂറിസവും സാധ്യമാകും. ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടായിരുന്നതും അറുപതുകളുടെ തുടക്കത്തില്‍ നിര്‍ത്തലാക്കിയതുമായ കൊച്ചിന് ഫോറസ്റ്റ് ട്രാംവേയുടെ ചരിത്രാവശിഷ്ടങ്ങള്‍ വെള്ളിക്കുളങ്ങരക്ക് അനന്തമായ ടൂറിസം സാധ്യതകളാണ് തുറന്നുതരുന്നത്.
ചാലക്കുടിയില്‍ നിന്ന് പറമ്പിക്കുളം വരെ 90 കിലോമീറ്ററോളം നീളത്തിലാണ് ട്രാംവേ ഉണ്ടായിരുന്നത്. ഇതില്‍ വെള്ളിക്കുളങ്ങര മുതല്‍ പറമ്പിക്കുളം വരെയുള്ള എഴുപതുകിലോമീറ്ററോളം വനത്തിലൂടെയായിരുന്നു ട്രാംവണ്ടികളുടെ യാത്ര.
പറമ്പിക്കുളം കാടുകളില്‍ നിന്ന് മികച്ചയിനം തടികള്‍ മുറിച്ചെടുത്ത് ചാലക്കുടിയിലെത്തിക്കുന്നതിനായിരുന്നു ട്രാംവേ ലൈന്‍ നിർമിച്ചത്. ചാലക്കുടിയിലെത്തിക്കുന്ന തടികള്‍ കൊച്ചി തുറമുഖം വഴി അക്കാലത്ത് യൂറോപ്യന്‍ രാജ്യങ്ങളടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് കൊണ്ടുപോയിരുന്നു.
കൊച്ചി രാമവര്‍മ്മ രാജാവടക്കമുള്ള രാജകുടുംബാംഗങ്ങള്‍ അക്കാലത്ത് തടികയറ്റുന്ന ട്രാം വണ്ടികളില്‍ കയറി പറമ്പിക്കുളത്തെ കാനനക്കാഴ്ചകള്‍ ആസ്വദിക്കാന്‍ എത്തിയിരുന്നു. അമ്പതുകളുടെ അവസാനത്തോടെ ട്രാംവേ പ്രവര്‍ത്തനം നിലച്ചു. വെള്ളിക്കുളങ്ങരക്ക് കിഴക്ക് കാരിക്കടവ്, കൊമളപ്പാറ, ആനപ്പാന്തം, കരിയാര്‍കുട്ടി വനങ്ങളില്‍ ഇപ്പോഴും ട്രാംവേയുടെ ശേഷിപ്പുകള്‍ ദൃശ്യമാണ്. പഴയ റെയില്‍പ്പാളങ്ങളും പാലങ്ങളും ഇരുമ്പുവടങ്ങളും ട്രാം വാഗണുകളുടെ ചക്രങ്ങളും കാടിനുള്ളില്‍ തുരുമ്പിച്ച നിലയില്‍ ഇപ്പോഴുമുണ്ട്.
അപൂര്‍വ്വയിനത്തിലുള്ള നിരവധി പക്ഷികളെ കാണാന്‍ കഴിയുന്ന ഈ വനമേഖലയെ പക്ഷിസങ്കേതമായി പ്രഖ്യാപിക്കണമെന്ന ആവശ്യം നേരത്തെ മുതലേ ഉയര്‍ന്നുകേള്‍ക്കുന്നതാണ്. ഡോ.സാലിം അലി പക്ഷികളെകുറിച്ച് പഠിക്കാൻ ഒരുക്കൊമ്പന്‍ കാടുകളിലെ സത്രത്തിൽ താമസിച്ചിട്ടുണ്ട്. മലമുഴക്കി വേഴാമ്പലുകള്‍ കാണപ്പെടുന്ന ആനപ്പാന്തം കാടുകള്‍ പക്ഷിനിരീക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ്.
വനംവകുപ്പിന്റെ അനുമതിയോടെ കോടശേരി മലയിലെ പ്രകൃതിസുന്ദരമായ പ്രദേശങ്ങളിലൊന്നായ നാഗത്താന്പാറേയും വെള്ളിക്കുളങ്ങരക്കടുത്തുള്ള കോഴിമുട്ടപ്പാറയേയും ബന്ധിപ്പിച്ചുകൊണ്ടുള്ള റോപ് വേ സ്ഥാപിക്കണമെന്ന ആവശ്യവും വര്‍ഷങ്ങളായി ഉയരുന്നതാണ്.
ഇക്കോടൂറിസം: കേന്ദ്രമന്ത്രിക്ക് നിവേദനം നല്കി
വെള്ളിക്കുളങ്ങര: വെള്ളിക്കുളങ്ങരയിലേയും സമീപപ്രദേശങ്ങളിലേയും ടൂറിസം പ്രാധാന്യമുള്ള സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി ഇക്കോ ടൂറിസം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സേവ് വെള്ളിക്കുളക്കുളങ്ങര സംഘടനയുടെ സെക്രട്ടറി റഷീദ് ഏറത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നിവേദനം നല്കി.
മറ്റത്തൂര്‍ പഞ്ചായത്തിലെ കാരിക്കടവ് മലയന്‍ ഉന്നതി, ശാസ്താംപൂവം കാടര്‍ ഉന്നതി എന്നിവിടങ്ങളിലെ ആദിവാസികളെ നിയോഗിച്ച് മുപ്ലി പുഴയുടെ തീരങ്ങളില്‍ മുളകള്‍ വെച്ചു പിടിപ്പിച്ചാല്‍ പ്രകൃതി സംരക്ഷണത്തിനും സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും ആദിവാസി സമൂഹം നേരിടുന്ന തൊഴിലില്ലായ്മ പരിഹരിക്കുന്നിനും സാധിക്കുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. വയനാട് മാതൃകയില്‍ ആദിവാസികള്‍ ശേഖരിക്കുന്ന തേന്‍ ഉള്‍പ്പെടെയുള്ള വനവിഭവങ്ങള്‍ വിറ്റഴിക്കുന്നതിനും ടൂറിസം പദ്ധതി സഹയാകമാകുമെന്നും നിവേദനത്തില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

